ന്യൂദല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുകൂലമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ എസ് വൈ ഖുറേഷി പറഞ്ഞു. നടപടിക്രമങ്ങളിലെ ചില ബുദ്ധിമുട്ടുകള്‍ പരിഹരിച്ചാല്‍ ഇത് സാധ്യമാകും. പണത്തിന്റെ സ്വാധീനമാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന നവീന്‍ ചൌള വിരമിച്ചതിനെത്തുടര്‍ന്നാണ് ഖുറേഷി സ്ഥാനമേറ്റ­ത്. ദല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങിലാണ് ഖുറേഷി സ്ഥാനമേറ്റത്.

രണ്ട് വര്‍ഷത്തേക്കാണ് കാലാവധി. മു­സ്‌ലിം സമുദായത്തില്‍ നിന്ന് ഈ പദവിയില്‍ എത്തുന്ന ആദ്യയാളെന്ന പ്രത്യേകതയും ഖുറേഷിക്കുണ്ട്. 1971 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനായ ഖുറേഷി 2006­ലാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായത്. ഈ വര്‍ഷം അവസാനം ബിഹാര്‍ നിയമസഭയിലേക്കും അടുത്ത വര്‍ഷം തമിഴ്‌­നാട്, പശ്ചിമബംഗാള്‍, കേരളം, അസം നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഖുറേഷിയുടെ നിയന്ത്രണത്തിലായിരിക്കും നടക്കുക.