ram,ravi,muraliചെന്നൈ: ദ ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍.റാമും മറ്റ് ഓഹരി ഉടമകളും തമ്മിലുള്ള തര്‍ക്കം കോടതികയറുന്നു. പത്രം പ്രസിദ്ധീകരിക്കുന്ന കസ്തൂരി ആന്‍ഡ് സണ്‍സിലെ ഓഹരിഉടമകളായ 11 പേര്‍ കമ്പനി ലോ ബോര്‍ഡിനെ സമീപിച്ചിരിക്കുകയാണ്.

എഡിറ്റര്‍ എന്‍.രവിയെയും എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിന്ന് മാലിനി പാര്‍ത്ഥസാരഥിയെയും നീക്കം ചെയ്യാനുള്ള റാമിന്റെ തീരുമാനത്തിനെതിരെയാണ് ലോ ബോര്‍ഡിനെ സമീപിച്ചിരിക്കുന്നത്. അധികാര കൈമാറ്റത്തിന് തയ്യാറാവാതെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളെ പുറത്താക്കാനാണ് റാം ശ്രമിക്കുന്നതെന്നാണ് പ്രധാന ആരോപണം.

രവിയെയും മാലിനി പാര്‍ത്ഥസാരഥിയെയും കൂടാതെ നിര്‍മല ലക്ഷ്മണ്‍, കെ.വേണുഗോപാല്‍ എന്നിവരെയും ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റാമുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സിദ്ധാര്‍ത്ഥ വരദരാജനെ പുതിയ എഡിറ്ററാക്കാനും നീക്കമാരംഭിച്ചിട്ടുണ്ട്.

2003ലാണ് ഹിന്ദുവിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി എന്‍.റാം ചുമതലയേറ്റത്. 800കോടിയുടെ ആസ്തിയുള്ള വ്യവസായത്തിന്റെ തലപ്പത്തേക്ക് റാം എത്തിയതിനെ അന്ന് തന്നെ രവി വിമര്‍ശിച്ചിരുന്നു. 65 വയസ്സ് പൂര്‍ത്തിയാകുന്ന മുറക്ക് 2010 മെയ് നാലിന് റാം സ്ഥാനമൊഴിയുമെന്നായിരുന്നു ധാരണ.

ആ സമയത്ത് രവി എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം ഏറ്റെടുക്കുമെന്നുമാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ധാരണ ലംഘിക്കപ്പെട്ടു. കൂടാതെ എന്‍.മുരളിയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു.

ഇത് അന്ന് വലിയ തര്‍ക്കമാണ് ഹിന്ദുകുടുംബത്തിനുള്ളിലുണ്ടായിരുന്നത്. അതിനുശേഷം അല്‍പ്പമൊന്ന് ശമിച്ചിരുന്ന തര്‍ക്കമാണ് ഇപ്പോള്‍ വീണ്ടും രൂക്ഷമായിരിക്കുന്നത്‌