തിരുവനന്തപ്പുരം: പാമൊലിന്‍ കേസില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. കോടിയേരി ബാലകൃഷ്ണനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. പാമൊലിന്‍ കേസ് അട്ടിമറിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതായി കോടിയേരി ആരോപിച്ചു. ജഡ്ജിയെ സര്‍ക്കാര്‍ സമ്മര്‍ദത്തില്‍ ആക്കി. ചീഫ് വിപ്പിനെ പുറത്താക്കണം. ഉമ്മന്‍ ചാണ്ടി അഴിമതിയുടെ ഗംഗോത്രിയാണെന്നും കോടിയേരി പറഞ്ഞു.

പ്രശ്‌നം കോടതിയുടെ പരിഗണനയിലാണെന്നു സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു. ജുഡീഷ്യറിയുടെ സ്ഥാനത്തെ കുറിച്ചു സര്‍ക്കാരിനു വ്യക്തമായ ബോധ്യമുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

ജുഡീഷ്യറിയുടെ സുഗമമായ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന ചീഫ് വിപ്പും മുഖ്യമന്ത്രിയും രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. ബഹളം രൂക്ഷമായതിനെ തുടര്‍ന്നു പതിമൂന്നാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തി വെയ്ക്കുകയായിരുന്നു.

പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ കുത്തിയിരുപ്പ് സമരം നടത്തുകയാണ്. പി.സി.ജോര്‍ജ്ജ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് പ്രതിഷേധം. പ്രശ്‌ന പരിഹാരത്തിനായി സ്പീക്കര്‍ ഭരണകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ് ഇപ്പോള്‍.