എഡിറ്റര്‍
എഡിറ്റര്‍
പാഠം ഒന്ന് വെള്ളം
എഡിറ്റര്‍
Tuesday 22nd May 2012 2:07am

 പ്രകൃതി/കെ. വി ശിവപ്രസാദ്

”ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ല, അറിയാമല്ലോ. എന്തുകൊണ്ട്’ ?

‘അഴുക്ക് ഒഴുകിപ്പോകുന്നതുകൊണ്ട് !’

‘അയ്യേ ! ഇനിയൊരിടത്തും പറയല്ലേ ! നാണംകെട്ടുപോകും. അഴുക്ക് നമ്മുടെ മുകള്‍ഭാഗത്താണെങ്കിലോ ? താഴോട്ട് ഒഴുകിവരില്ലേ ? മക്കളുടെ മുഖത്തു ചമ്മല്‍ കാണാം. പരസ്പരം നോക്കുന്നു. അവരുടെ ജിജ്ഞാസ ഉണര്‍ന്നുകഴിഞ്ഞു. ശരീരവും മനസ്സും ഒന്നായിരിക്കുന്നു. നോട്ടവും ഇരിപ്പും ഭാവവും അതു വിളിച്ചുപറയുന്നു.

ഒരരുവി വേരുകള്‍ക്കിടയിലൂടെ കല്ലുകള്‍ക്കു മുകളിലൂടെ നിരവധി കുമിളകളുണ്ടാക്കിക്കൊണ്ടൊഴുകുന്നു. പാറപ്പുറത്തുകൂടി മലക്കം മറിയുന്നു. താഴേക്കു ചാടി കല്ലുകളില്‍ തട്ടി പൊട്ടിച്ചിതറുന്നു. അങ്ങനെ പറ്റാവുന്നത്ര പ്രാണവായു വെള്ളത്തില്‍ കലര്‍ത്തുന്നു. പലതരം സസ്യങ്ങള്‍ പുറത്തുവിട്ട മാലിന്യമില്ലാത്ത ശുദ്ധവായു. അത്രയും പ്രാണവായു കലര്‍ന്ന വെള്ളത്തില്‍ അതേറോബിക്ക് ബാക്ടീരിയകള്‍ക്ക് നില്‍ക്കാനാവില്ല. അവ ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ചാണ് വായുവും ഭക്ഷണവും നേടുന്നത്. അതിന്റെ ഉച്ഛിഷ്ടങ്ങളാണ് വെള്ളത്തില്‍ ദുര്‍ഗന്ധമുണ്ടാക്കുന്നത്. വെള്ളം മാത്രമല്ല കെട്ടിനില്‍ക്കുന്നതെന്തും അഴുക്കാവും. ഒഴുകിക്കൊണ്ടിരിക്കണം. ചലിച്ചുകൊണ്ടിരിക്കണം. ഒഴുക്കുള്ള വെള്ളത്തില്‍ എയ്‌റോബിക് ബാക്ടീരിയ ആണുണ്ടാവുക. അതില്‍ വിഘാടകസ്വഭാവമില്ല. തൊലിയില്‍ പ്രവര്‍ത്തിക്കില്ല. കണ്ണിനേയോ മൂക്കിനേയോ ബാധിക്കില്ല. വയറ്റിലെത്തിയാല്‍ രോഗമുണ്ടാകില്ല.

‘കുടിച്ചോളൂ’  ‘കുളിച്ചോളു ‘ കാലും മുഖവും കഴുത്തും എല്ലാം നന്നായി കഴുകൂ. തലച്ചോറുവരെ തണുക്കട്ടെ. അതിഥി സല്‍ക്കാരത്തില്‍ ‘പാര്യം’ പ്രധാനമാണ്. ശരീരം സന്തുലിതമായിത്തീരും. ഒപ്പം ചിന്തയും. ആതിഥേയരോടല്‍പം നന്ദി വേണമെന്നു മാത്രം  ഓര്‍മ്മിക്കപ്പെടേണ്ടിവന്നിരിക്കുന്നു.

‘പക്ഷേ ഇവിടം തീരെ വൃത്തിയില്ല. ചീഞ്ഞ ഇലകള്‍ ധാരാളം’. അലിഞ്ഞുചേരാത്ത ഏതഴുക്കും അരിച്ചുമാറ്റാവുന്നതേയുള്ളു. ഉടുപ്പിന്റെ അറ്റം ഉപയോഗിക്കൂ. അഴുക്ക് ചെറുതെങ്കില്‍ പലമടക്കാകാം. വെള്ളമെടുക്കുന്ന സ്ഥലം നോക്കൂ. ഒരായിരം വേരുകള്‍. നാരുവേരുകളും അതിസൂക്ഷ്മവേരുകളും വേറെയും. ചീഞ്ഞ ഇലകളില്‍നിന്നും വെള്ളത്തില്‍ കലര്‍ന്ന ധാതുക്കളും ലവണങ്ങളും മറ്റും ശേഖരിക്കാനുള്ള അരിപ്പയാണത്. അവ വെള്ളം സംഭരിച്ചുവെയ്ക്കുന്നു.ഇനി പുല്‍മേടുകള്‍ അനാവശ്യമെന്നു തോന്നാം. ഇവയില്‍ പെയ്യുന്ന മഞ്ഞാണ് ഉറവായി എത്തുന്നത്. ഇവയുടെ വേര് വെള്ളത്തെ ശുദ്ധമാക്കി നിലനിര്‍ത്തുന്നു. കാണുന്ന അഴുക്കിനേക്കാള്‍ അപകടം കാണാത്ത അഴുക്കുകളാണ്. അപ്പോള്‍ ഉറവവെള്ളമാണ് കുടിക്കാന്‍ ഏറ്റവും നല്ലത് എന്നാണോ ? തീര്‍ച്ചയായും. പ്രകൃതി വളര്‍ത്തിയ ചെടികള്‍ക്കിടയിലൂടെ വരുന്നതാണെങ്കില്‍, മനുഷ്യന്‍ അഴുക്കാക്കിയിട്ടില്ലെങ്കില്‍.

ഈ അരുവിയില്‍ നോക്കൂ. നിറയെ നീര്‍ക്കൂവകള്‍. ഇതിന്റെ ഇംഗ്ലീഷിലെ പേരുതന്നെ ടോക്‌സിക്കോരിയ എന്നാണ്. ഇവ ടോക്‌സിനുകളെയെല്ലാം നീക്കം ചെയ്യുന്നു. കാഡ്മിയം പോലെ അപകടകരമായ ലോഹാംശമുള്ള തോടുകളിലാണിവ കൂടുതല്‍ കാണുക. പ്രത്യേകിച്ചും മലമ്പ്രദേശങ്ങളില്‍ . അര്‍ബുദകാരികളായ വിഷങ്ങളെ അരിച്ചുമാറ്റി നല്ലവെള്ളം തരുന്ന ഈ ചെടികളാണ് കേരളത്തിന്റെ ആരോഗ്യവകുപ്പ്.

ഇവ മുഴുവന്‍ നശിപ്പിച്ച് കല്ലും സിമന്റും ഉപയോഗിച്ച് തോട്ടില്‍ വക്കുകള്‍ കെട്ടുകയും തടയണയുണ്ടാക്കുകയും ചെയ്യുന്നവരോ ? വിവരക്കേടുകൊണ്ട് സ്വന്തം നാടിനെ രോഗാതുരമാക്കുന്നു. ആദ്യം ചെടികളെ , പിന്നെ ജീവികളെയും.

പുഴയോരക്കാടുകളെ നോക്കൂ. അവയിലെ പലമരങ്ങളും ചെടികളും വളരെ ഔഷധമൂല്യമുള്ളതാണ്. എല്ലാ ഔഷധങ്ങളും വിഷമാണ് എന്ന് അറിയാമല്ലോ. ഇവയ്ക്ക് വിഷം കിട്ടുന്നത് വെള്ളത്തില്‍ നിന്നാണ്. അവയാണ് വെള്ളത്തെ ശുദ്ധമാക്കി നിര്‍ത്തുന്നതെന്നര്‍ത്ഥം. ചേരും ഇലിപ്പയും ആറ്റുവഞ്ചിയും കല്ലൂര്‍വണാടിയും ഞാവലും മരോട്ടിയും മറ്റും അടങ്ങിയ ഒരു പുഴയോരക്കാടിന് ഏതു പ്രകൃതിദത്ത വിഷമാണ് അരിച്ചുമാറ്റാനാവാത്തത്.

സമതലത്തിലെത്തിയാല്‍ കാടുകളുടെ സ്വഭാവത്തിലല്പസ്വല്പം മാറ്റം വരും. ആറ്റുകൈതയും അതിരാണിയും (കദളി) അതിരിടും  ഉങ്ങും ഞാറയും മറ്റും കൂടെക്കൂടും. എത്രയേറെ ഔഷധച്ചെടികളാണവയോടൊപ്പം വളരുന്നത്. തോട്ടുവക്കത്തുകൂടി ഒന്നു നടന്നു നോക്കൂ. കാട്ടുള്ളവകള്‍ തന്നെ എത്രയുണ്ടെന്നോ അതും പലതരം. മഞ്ഞളിനെപ്പോലെ തന്നെ ഇവയും വിഷത്തെ നീക്കാന്‍ കഴിവുള്ളതാണ്. നമുക്കറിയാവുന്ന ചെടികളെക്കുറിച്ച് ചിലകാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. അറിയാത്ത ചെടികളേറെ. അവയുടെ ധര്‍മ്മങ്ങളെക്കുറിച്ചു നാം അജ്ഞരാണ്. ഇവ സംരക്ഷിക്കാന്‍ അജ്ഞരെത്തന്നെ നാം തിരഞ്ഞെടുക്കുന്നു.

‘പുഴയോരക്കാടുകള്‍ക്ക് വെള്ളം ശുദ്ധീകരിക്കുക എന്ന ധര്‍മ്മം മാത്രമേയുള്ളൂ ? ‘

അല്ലല്ലോ. വേറെയും പലതും കാണും. അവ പ്രത്യേക ആവാസ വ്യവസ്ഥതന്നെയാണ്, ജീവികള്‍ക്കും പക്ഷികള്‍ക്കുമെല്ലാം മത്സ്യങ്ങള്‍ , മരങ്ങള്‍, പക്ഷികള്‍ വലാത്ത ഒരു പരസ്പരാശ്രയമാണവയ്ക്ക്.  ഇല, പൂവ്, കായ്  എല്ലാം പുഴയെ സമ്പന്നമാക്കുകയേയുള്ളു. മണ്ണൊലിപ്പു തടയും ബാഷ്പീകരണം കുറയ്ക്കും, ഉറവകളെ നിലനിര്‍ത്തും തുടങ്ങി എത്രയെത്ര.

സമതലത്തിലെ പുഴയില്‍ പ്രാണവായു ഉണ്ടാവില്ല എന്നാണോ ? അല്ല മുകളിലുള്ളത്ര ഉണ്ടാവില്ല എന്നുമാത്രം. സമതലത്തിലെ പുഴ വളഞ്ഞുപുളഞ്ഞൊഴുകുന്നു. ഓരോ വളവിലും വെള്ളം മറിഞ്ഞുമറിഞ്ഞു വരും. നാം ചട്ടുകം കൊണ്ടിളക്കുന്നതുപോലെ. അടിവെള്ളം മേല്‍വെള്ളമായിക്കൊണ്ടിരിക്കും.

പുഴയുടെ ആഴത്തിനും ഒഴുക്കിനും അനുസരിച്ച് നിരവധി ചുഴികളും മലനിരകളും ഉണ്ടാവും. ഓരോ ചുഴിയും പ്രാണവായു ലഭിച്ച വെള്ളത്തെ ആഴത്തിലേക്ക് കൊണ്ടുപോകുന്നു. മലരി അടിയിലെ വെള്ളത്തെ മുകളിലേക്കും. മുഴുവന്‍ വെള്ളവും വായു അടങ്ങിയതാവും. ജലജീവികളെല്ലാം ആരോഗ്യത്തോടെ വളരും. മത്സ്യസമ്പത്ത് കൂടും. തോടുകളുടെ വളവ് നീക്കുമ്പോള്‍ അതിലെ സസ്യങ്ങളില്ലാതാകുമ്പോള്‍ ഈ സ്വാഭാവികതകളും സാമ്യതകളും നാം നശിപ്പിക്കുന്നു. ഓരോ തടസ്സങ്ങളും ജൈവവൈവിധ്യം കുറയ്ക്കുന്നു.

അവസാനം വേലിയേറ്റവും വേലിയിറക്കവുമുള്ള അഴിമുഖങ്ങളിലെത്തുന്നു. ഒഴുക്കിക്കൊണ്ടുവന്ന വിഷാംശങ്ങളില്‍ വല്ലതും ബാക്കിയായെങ്കില്‍ അത് നീക്കം ചെയ്യുന്ന പണി കണ്ടല്‍ക്കാടുകളുടേതാണ്. എക്കലും ഇരുമ്പും അലൂമിനിയവും ചളിയും എല്ലാം അത് പിടിച്ചുവെക്കുന്നു. ശുദ്ധവെള്ളം, വേണ്ടത്ര ഭക്ഷണം, ഇടതൂര്‍ന്ന വേരുകള്‍, സൂക്ഷ്മ കാലാവസ്ഥ തുടങ്ങി മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് വേണ്ടതെല്ലാം അവിടെയുണ്ട്. മലമുകളില്‍ ശുദ്ധജലമത്സ്യങ്ങള്‍ക്ക് പെറ്റുപെരുകാനുള്ള സൗകര്യം ഒരുക്കിയതുപോലെത്തന്നെ. കണ്ടല്‍ക്കാടുകളുടെ നാശം മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകും. കരയില്‍ ശുദ്ധവെള്ളം കുറയും.

ശുദ്ധജലത്തെ ആശ്രയിച്ചു കഴിയുന്ന ജീവികളുടെ ജീവന്റെ തുടര്‍ച്ച ഉറപ്പുവരുത്താന്‍ വേണ്ടതൊക്കെ പ്രകൃതി ചെയ്തിട്ടുണ്ട്. അഥവാ പ്രകൃതിയുടെ ഉറപ്പിനനുസരിച്ചാണ് ജീവന്‍ വികസിക്കുന്നത്. മനുഷ്യന്‍ വികസനമെന്ന പേരില്‍ പ്രകൃതിവിരുദ്ധമായി പെരുമാറുമ്പോള്‍ ജീവന്റെ നിലനില്‍പിനു ഭീഷണിയാവുന്നു. നാമതിനെ ദുരന്തമെന്നു വിളിക്കുന്നു.

മഴവെള്ളം ശുദ്ധവെള്ളമാണ് എന്നു സര്‍ക്കാര്‍ പറയുന്നുണ്ടല്ലോ. മഴവെള്ളം പ്രകൃതി തരുന്ന അമൃതല്ലേ. അതു ശേഖരിക്കുന്നതെങ്ങനെ ? ആര് എന്ന കാര്യത്തിലേ അഭിപ്രായവ്യത്യാസമുള്ളു. മുറ്റം മാത്രമല്ല പറമ്പുപോലും കോണ്‍ക്രീറ്റ് ചെയ്ത ഒരു നഗരവാസി അത് ഫറോസിമന്റ് ടാങ്കില്‍ ശേഖരിക്കട്ടെ. ആന്തൂറിയത്തിനോ ഓര്‍ക്കിഡിനോ നനക്കട്ടെ. പക്ഷേ നിറയെ തെങ്ങും വാഴയും ചേമ്പും ചേനയും കാച്ചിലും കുരുമുളകുമുള്ള നിലത്ത് വെയിലേല്ക്കാത്ത മണ്ണില്‍ വേണ്ടത്ര സസ്യാവശിഷ്ടമുള്ള ഗ്രാമീണ കര്‍ഷകനെന്തിനത് ചെയ്യണം. വെള്ളം പിടിച്ചുവെയ്ക്കാന്‍ ശേഷിയുള്ള മണ്ണും ചെടികളും നിലനിര്‍ത്താനുള്ള ശീലവും കര്‍ഷകര്‍ നേടുകയല്ലേ വേണ്ടത്. ഇത് നഷ്ടപ്പെടുത്തിയവര്‍ തന്നെയാണ് മഴവെള്ള സംഭരണത്തിന്, കര്‍ഷകര്‍ക്ക് സ്വയം ചെയ്യാനാവാത്ത സാങ്കേതിക വിദ്യ പറഞ്ഞുകൊടുക്കുന്നത്. അതിനുവേണ്ടി കോടികള്‍ ചെലവാക്കുന്നത് കുടിവെള്ളത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ തന്നെയാണോ? മണ്ണിന് വെള്ളം പിടിച്ചുവെക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നീര്‍ക്കുഴികള്‍ കുത്തിയിട്ടെന്താ കാര്യം. ഇത്തരം സൂത്രപ്പണികളൊക്കെ നീണ്ടുനില്‍ക്കുന്ന പരിഹാരമാര്‍ഗങ്ങളില്‍ നിന്നും നമ്മെ അകറ്റുന്നു. ഇവ ശാശ്വത മാര്‍ഗങ്ങളെന്ന് പഠിപ്പിക്കുന്നു. തെറ്റായ ധാരണകളുമായിരിക്കുന്നു എന്നതാണ് വലിയതെറ്റ്.

നമുക്കിപ്പോ കിട്ടുന്ന മഴവെള്ളം അത്രയൊക്കെ ശുദ്ധമാണോ ? പണ്ടേതന്നെ വേനല്‍ക്കാലത്തെ പൊടിപടലം കലരുമെന്നതിനാല്‍ ഔഷധാവശ്യത്തിന് ആദ്യമഴവെള്ളം ഉപയോഗിക്കാറില്ല. രണ്ടാം മഴയുടെ വെള്ളം  നവജലം  വളരെ മൂല്യമുള്ളതാണു താനും. എന്നാലിന്നോ ലക്ഷക്കണക്കിന് വാഹനങ്ങള്‍ വിസര്‍ജ്ജിക്കുന്ന മാലിന്യങ്ങളുടെ അളവെത്രയാണ്. കൂട്ടിയിട്ട പ്ലാസ്‌ററിക്ക് കുന്നുകളുണ്ടാക്കുന്ന അഴുക്കുകളോ. മാരകമായ എത്രയെത്ര വാതകങ്ങള്‍ അവ അന്തരീക്ഷത്തില്‍ പരത്തുന്നു. വ്യവസായ മാലിന്യങ്ങള്‍ വേറേയും. ഫോര്‍മലിനും ബെല്‍ഡിനും ട്രൈക്ലോറോ എതിലിനും വീടുകള്‍ക്കകത്തുപോലും നിറയുന്നതായും ശ്വാസകോശരോഗങ്ങള്‍ കൂടുന്നതായും നാസാ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. മുറിക്കകത്തെ ചായങ്ങള്‍, പ്ലാസ്‌ററ്ക് കളിപ്പാട്ടങ്ങള്‍, പൂവുകള്‍ കസേരകള്‍, മേശകള്‍ മറ്റുപകരണങ്ങള്‍ ഇവയ്‌ക്കൊക്കെ പങ്കുണ്ട്. അന്തരീക്ഷത്തില്‍ കലറുന്ന ഈ വാതകങ്ങളും മഴവെള്ളത്തിലെത്തും. ഇതും നീക്കുന്ന ചെടികളുണ്ട്. അവ വളര്‍ത്തുകയേ രക്ഷയുള്ളൂ.

ചുരുക്കത്തില്‍ നമുക്ക് ബന്ധുക്കളെ തിരിച്ചറിയാനുള്ള കഴിവ് ന്ഷ്ട്‌പെട്ടു പോയിരിക്കുന്നു. അത് നേടലാണ് പഠനം. അതാവണം.

Advertisement