എഡിറ്റര്‍
എഡിറ്റര്‍
വികസനത്തിന്റെ (വില്‍പനയുടെ) പഴയതും പുതിയതുമായ മാതൃകകള്‍
എഡിറ്റര്‍
Sunday 9th September 2012 6:09pm

2003-ല്‍ നടന്ന ‘ജിം’ നമുക്ക് മറക്കാനായിട്ടില്ല. ആഗോള നിക്ഷേപക സംഗമത്തില്‍ അന്ന് പ്രദര്‍ശനത്തിന് വയ്ക്കപ്പെട്ട ശുദ്ധജലവിതരണ രംഗം ഇന്ന് എവിടെ എത്തിനില്‍ക്കുന്നുവെന്ന് മാത്രം പരിശോധിച്ചാല്‍ മതി, ഈ മൂലധനമേള കേരളത്തെ വികസിപ്പിക്കുമോ അടിസ്ഥാനമേഖലകളെ തകര്‍ക്കുമോ എന്നറിയാനാകും.എം. ഷാജര്‍ഖാന്‍ എഴുതുന്നു..എസ്സേയ്‌സ്/എം. ഷാജര്‍ഖാന്‍


എം. ഷാജര്‍ഖാന്‍,“വികസ്വര രാജ്യങ്ങള്‍ക്കിടയിലെ അപരിമേയമായ ക്രമഭംഗങ്ങളുടെ നാടാണ് കേരളം, മൂന്നാം ലോകരാജ്യങ്ങള്‍ക്ക് യഥാര്‍ത്ഥമായ പ്രതീക്ഷ നല്‍കുന്ന നാട്…. നെല്‍പ്പാടങ്ങളും നീര്‍ത്തടങ്ങളുമാണ് ഇവിടുത്തെ സവിശേഷതയെങ്കിലും സാമൂഹ്യവികസന സൂചികയില്‍ എവറസ്റ്റ് പര്‍വതത്തിന് സമാനമായ സ്ഥാനമാണ് കേരളത്തിനുള്ളത്.” ദേശീയ ഭൂമിശാസ്ത്രയാത്രികന്‍ ബില്‍മക്കാബിന്‍ എന്നൊരാള്‍ പറഞ്ഞതായി എമേര്‍ജിങ് കേരളയുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുന്ന വാക്കുകളാണിത്.

Ads By Google

‘വികസന’ സാധ്യതകള്‍ കണ്ടറിയാന്‍ കടന്നുവരുന്ന ആഗോള നിക്ഷേപകര്‍ക്ക് കേരളത്തെ വിലയ്ക്കു വാങ്ങാന്‍ പ്രേരണ നല്‍കുന്ന വാക്കുകള്‍. ഇതുമാത്രമല്ല, ഓരോ മേഖലയും പരിചയപ്പെടുത്തുമ്പോള്‍ പ്രകൃതി വര്‍ണനകള്‍ പശ്ചാത്തലമായി നിറഞ്ഞു നില്‍ക്കുന്നു. ‘വരൂ, ഉദിച്ചുയരുന്ന കേരളത്തിന്റെ ഭാഗമാകൂ’ എന്നാണ് നിക്ഷേപകര്‍ക്ക് നല്‍കുന്ന ക്ഷണപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നത്. വന്നു കാണുക, ഈ ഭൂപ്രദേശത്തിന്റെ അഭൗമ സൗന്ദര്യം.

സാധ്യതകള്‍, വമ്പിച്ച നിക്ഷേപ സാധ്യതകള്‍ അതാണ് പുതിയ കേരളത്തെ വ്യത്യസ്തവും ആകര്‍ഷണീയവുമാക്കി മാറ്റുന്നതെന്ന സന്ദേശം നല്‍കി കൊണ്ടാണ് എമേര്‍ജിങ് കേരളയുടെ രംഗപടം സെപ്റ്റംബര്‍ 12ന് കൊച്ചിയിലെ ലെ-മെറിഡിയന്‍ ഹോട്ടലില്‍ ഉയരുന്നത്. അതിനായി കൊച്ചി അണിഞ്ഞൊരുങ്ങുകയാണ്. വ്യവസായികള്‍ ആഹ്ലാദത്തിലാണ്. ഇന്ത്യയില്‍ നിന്നും വിദേശ-രാജ്യങ്ങളില്‍ നിന്നുമായി ഇതിനകം 2,200 നിക്ഷേപകര്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. അവരെ സ്വീകരിക്കാനും കേരളത്തിന്റെ പുകഴ്‌പെറ്റ പ്രകൃതിസൗന്ദര്യത്തെക്കുറിച്ച് വാതോരാതെ പറഞ്ഞ് അവരെ കോള്‍മയിര്‍കൊള്ളിക്കാനും സംഘാടകര്‍ അത്യുത്സാഹത്തോടെ ഓടി നടക്കുകയാണ്.

കേരളജനതയുടെ ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച്, അവരുടെ സംസ്‌കാരത്തെക്കുറിച്ച്, പാരമ്പര്യത്തെക്കുറിച്ച്, ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ നേട്ടങ്ങളെക്കുറിച്ച്, ടൂറിസത്തിന്റെ  അന്തമറ്റ സാധ്യതകളെക്കുറിച്ച് കോരിത്തരിപ്പിക്കുന്ന വിശേഷണങ്ങള്‍ നല്‍കി നിക്ഷേപകരെ കുളിപ്പിച്ച് അവര്‍ക്ക് പരവതാനി വിരിക്കുവാനുള്ള പ്രധാനചുമതല കെ.എസ്.ഐ.ഡി.സിയ്ക്കാണ്. അവരത് ഭംഗിയായി നിര്‍വഹിച്ചുവെന്ന് പറയാം. കേരളത്തിന്റെ യശസ്സും പാരമ്പര്യവുമൊക്കെ ലോകമെങ്ങും എത്തിച്ചുകൊണ്ടുള്ള ആലാപനങ്ങള്‍ മിക്കവാറും പൂര്‍ത്തിയായിക്കഴിഞ്ഞു. എത്ര കോടിയുടെ വികസനമാണ് വരാന്‍ പോകുന്നതെന്ന് പറയാന്‍ കഴിയില്ല. അതെത്രയുമാകാം. എന്തായാലും 2003-ല്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് പോലെയാവില്ല എമേര്‍ജിങ് കേരളയെന്ന് വ്യവസായ വകുപ്പ് തീര്‍ത്തു പ്രഖ്യാപിക്കുന്നു. കേരളസര്‍ക്കാരും വ്യവസായികളും ഇടനിലക്കാരുമൊക്കെ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമേര്‍ജിങ് കേരള മേളയില്‍ സംഭവിക്കാന്‍ പോകുന്നതെന്ത്?

‘വികസന’ത്തിന് പരിപക്വമായ രംഗശാല?

2012 സെപ്റ്റംബര്‍ 12ന് ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഭദ്രദീപം കൊളുത്തുന്നതോടെ വ്യവസായ വളര്‍ച്ചയുടെ അനന്തവിഹായസ്സിലേക്ക് കേരളം ഉദിച്ചുയരാന്‍ തുടങ്ങുമെന്നാണ് പ്രചാരണം.

ഉത്തുംഗ ശൃംഖങ്ങളില്‍ വിരാജിക്കുന്ന കഥാപാത്രങ്ങളുള്ള രംഗവേദിയെപ്പോലെയാണ് കേരളം എന്നാണിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് (Kerala: The Perfect theatre for consummate actors – Brochure) മൂന്ന് അന്തര്‍ദ്ദേശീയ വിമാനത്താവളങ്ങള്‍, ഇന്ത്യയിലെ തന്നെ ഒരേയൊരു ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പുമെന്റ് ടെര്‍മിനല്‍, കൊച്ചിയില്‍ വരാന്‍ പോകുന്ന മെട്രോ റയില്‍, തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നീണ്ടുപോകുന്ന അതിവേഗ റെയില്‍ കോറിഡോര്‍, വിദ്യാഭ്യാസരംഗത്തെ അനന്തമായ സാധ്യതകള്‍, 8 ദേശീയപാതകള്‍, ഐ.ടി.രംഗത്തെ വമ്പിച്ച മുന്നേറ്റങ്ങള്‍, എല്‍.എന്‍.ജി ടെര്‍മിനല്‍, ഗെയില്‍ (GAIL) നിര്‍മ്മിക്കുന്ന രണ്ട് ഗ്യാസ് പൈപ്പുലൈനുകള്‍, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചിയിലെ ഇലക്‌ട്രോണിക് ഹബ്, മലപ്പുറത്തെ എജ്യുസിറ്റി, കണ്ണൂര്‍ എയര്‍പോര്‍ട്ട്, കൊച്ചി-കോയമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍, കൊല്ലത്തെ ടൈറ്റാനിയം സ്‌പോഞ്ച് കോംപ്ലക്‌സ്, തിരുവനന്തപുരത്തെ ലൈഫ് സയന്‍സ് പാര്‍ക്ക്, ആരോഗ്യരംഗത്ത് വന്‍കിട ആശുപത്രികള്‍ അങ്ങനെയങ്ങനെ എന്തെല്ലാം. അവയില്‍ ഏതിലും നിക്ഷേപിക്കാനും പദ്ധതികള്‍ പൂര്‍ണ്ണമായി ഏറ്റെടുക്കാനും സന്നദ്ധതയുള്ള ആര്‍ക്കും കടന്നു വരാം. വളര്‍ച്ചാ നിരക്കില്‍ വമ്പന്‍ കുതിച്ചുചാട്ടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2012 സെപ്റ്റംബര്‍ 12ന് ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഭദ്രദീപം കൊളുത്തുന്നതോടെ വ്യവസായ വളര്‍ച്ചയുടെ അനന്തവിഹായസ്സിലേക്ക് കേരളം ഉദിച്ചുയരാന്‍ തുടങ്ങുമെന്നാണ് പ്രചാരണം.

2003-ല്‍ നടന്ന ‘ജിം’ നമുക്ക് മറക്കാനായിട്ടില്ല. ആഗോള നിക്ഷേപക സംഗമത്തില്‍ അന്ന് പ്രദര്‍ശനത്തിന് വയ്ക്കപ്പെട്ട ശുദ്ധജലവിതരണ രംഗം ഇന്ന് എവിടെ എത്തിനില്‍ക്കുന്നുവെന്ന് മാത്രം പരിശോധിച്ചാല്‍ മതി, ഈ മൂലധനമേള കേരളത്തെ വികസിപ്പിക്കുമോ അടിസ്ഥാനമേഖലകളെ തകര്‍ക്കുമോ എന്നറിയാനാകും. കുടിവെള്ള വിതരണരംഗത്ത് ബഹുരാഷ്ട്ര ഭീമന്മാര്‍ കടന്ന് വരികയും സമ്പൂര്‍ണ്ണസ്വകാര്യവല്‍ക്കരണം ദ്രുതഗതിയില്‍ വ്യാപകമാവുകയും ചെയ്തത് ‘ജിം’ -ന് ശേഷമായിരുന്നു.

പണം മുടക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമായി ശുദ്ധജലം വിതരണം ചെയ്യപ്പെടുന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ എത്തിയല്ലോ. ഗ്രാമീണ ശുദ്ധജലപദ്ധതികളിലെല്ലാം സ്വകാര്യമൂലധനശക്തികള്‍ കടന്നുവന്നു. കേരളാവാട്ടര്‍ അതോറിട്ടിയുടെ നിലനില്‍പ്പും അപകടത്തിലായി. ജലസ്രോതസ്സുകള്‍ക്കു മേലുള്ള അധികാര-നിയന്ത്രണങ്ങളെല്ലാം വന്‍കിട കമ്പനികള്‍ക്കു കൈവരുന്ന വിധത്തില്‍ ഭൂഗര്‍ഭജലനിയന്ത്രണ നിയമവും സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുകയുണ്ടായി. പൊള്ളുന്ന വില കൊടുത്തു കുപ്പിവെള്ളം വാങ്ങി കുടിക്കണം എന്നതായി ഏറ്റവുമൊടുവില്‍ അവശേഷിക്കുന്ന സ്ഥിതി. സ്വകാര്യമൂലധന ശക്തികള്‍ ഏത് രംഗത്ത് കടന്നുവന്നാലും പരമാവധി ലാഭം കൊയ്യുകയും ജനക്ഷേമത്തെ അട്ടിമറിക്കുകയും ചെയ്യും എന്ന കാര്യം ആര്‍ക്കെങ്കിലും നിഷേധിക്കാനാവുമോ?

സര്‍ക്കാരിന്റെ കൈവശമുള്ള വിഭവങ്ങള്‍ പരിമിതമാണെന്നും വ്യവസായ വികസനത്തിന് ആഗോള നിക്ഷേപം സംസ്ഥാനത്തെത്തിക്കുക മാത്രമാണ് പോംവഴിയെന്നും സര്‍ക്കാര്‍ വാദിക്കുന്നു. വിഭവങ്ങള്‍ പരിമിതമാണെന്ന വാദം ഒരു ന്യായം മാത്രമാണ്. സര്‍ക്കാറിന്റെ കൈവശമുള്ള ഭൗതിക സംവിധാനങ്ങളെക്കുറിച്ച് എമേര്‍ജിങ് കേരളയില്‍ നല്‍കുന്ന പരസ്യം കണ്ടാല്‍ മനസ്സിലാക്കാം എത്ര സമ്പന്നമാണ് ഈ സര്‍ക്കാരെന്ന്.

പക്ഷേ, കേരളത്തിന്റെ പുരോഗതിക്ക് വിശേഷിച്ചും വ്യാവസായിക മുന്നേറ്റത്തിന് സ്വകാര്യമൂലധനനിക്ഷേപം കൂടിയേ തീരൂ എന്നതാണ് എല്ലാ സര്‍ക്കാരുകളും പിന്തുടരുന്ന നയം. സര്‍ക്കാരിന്റെ കൈവശമുള്ള വിഭവങ്ങള്‍ പരിമിതമാണെന്നും വ്യവസായ വികസനത്തിന് ആഗോള നിക്ഷേപം സംസ്ഥാനത്തെത്തിക്കുക മാത്രമാണ് പോംവഴിയെന്നും സര്‍ക്കാര്‍ വാദിക്കുന്നു. വിഭവങ്ങള്‍ പരിമിതമാണെന്ന വാദം ഒരു ന്യായം മാത്രമാണ്. സര്‍ക്കാറിന്റെ കൈവശമുള്ള ഭൗതിക സംവിധാനങ്ങളെക്കുറിച്ച് എമേര്‍ജിങ് കേരളയില്‍ നല്‍കുന്ന പരസ്യം കണ്ടാല്‍ മനസ്സിലാക്കാം എത്ര സമ്പന്നമാണ് ഈ സര്‍ക്കാരെന്ന്.

കേരളത്തിന്റെ ധാതു സമ്പത്തുള്‍പ്പെടെയുള്ള പൊതുസ്വത്തിനുടമയാണ് സര്‍ക്കാര്‍. പ്രവാസി മലയാളികള്‍ പ്രതിവര്‍ഷം 5000 കോടിയുടെ വിദേശനാണ്യമാണ് കേരളത്തിലെത്തിക്കുന്നത്. വില്‍പ്പന നികുതിയിനത്തില്‍ പിരിച്ചെടുക്കാതെ പോകുന്ന കോടികളും പ്രത്യക്ഷനികുതിയിനത്തില്‍ കോര്‍പ്പറേറ്റുകളും വ്യവസായികളും നല്‍കാനുള്ള കുടിശ്ശിക തുകയും കണക്കാക്കിയാല്‍ ശതകോടികള്‍ വരും. പരോക്ഷ നികുതി വര്‍ധനവുകളിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന തുക വേറെ. അതുകൊണ്ട് ആ ന്യായം അവിടെ നില്‍ക്കട്ടെ.

അടുത്ത പേജില്‍ തുടരുന്നു

Advertisement