കൊച്ചി: കപ്പലിടിച്ചു തകര്‍ന്നു കടലില്‍ മുങ്ങിയ ഡോണ്‍ 1 എന്ന മത്സ്യബന്ധനബോട്ട് നാവികസേനയുടെ പ്രത്യേക മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി. കടലിനടിയില്‍ 47 മീറ്റര്‍ താഴെ കണ്ടെത്തിയ ബോട്ട് മത്സ്യബന്ധനവലയില്‍ ചുറ്റിപ്പിണഞ്ഞു കുരുങ്ങിയ നിലയിലാണ്. അതേസമയം കപ്പല്‍ അപകടത്തില്‍ കാണാതായവരെ മൂന്നുനാള്‍ പിന്നിട്ടിട്ടും നാവികസേനയ്‌ക്കോ കോസ്റ്റ് ഗാര്‍ഡിനോ കണ്ടെത്താനായില്ല.

നാവികസേനാസംഘത്തിനു ബോട്ടിനുള്ളില്‍ കടന്നു പരിശോധിക്കാനാവാത്തതു മൂലം കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ ബോട്ടിനുള്ളിലുണ്ടോയെന്നു കണ്ടെത്താനായില്ല. കൂടുതല്‍ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ ഇന്നു വലയറുത്തു ബോട്ടിനുള്ളില്‍ കടന്നു പരിശോധന നടത്തും.

ബോട്ടിന്റെ കാബിന്‍ തകര്‍ന്ന നിലയിലാണ്. ഇന്ധനം ഇപ്പോഴും ചോരുന്നുണ്ട്. ബോട്ട് ഇടിച്ചുതകര്‍ത്തശേഷം രക്ഷപ്പെട്ടതായി സംശയിക്കുന്ന എം.വി. പ്രഭു ദയ എന്ന ചരക്കുകപ്പല്‍ ഇന്നു വൈകിട്ടോടെ ചെന്നൈ തുറമുഖത്തെത്തിക്കും.

ഇടിച്ച കപ്പല്‍ പ്രഭുദയതന്നെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഷിപ്പിങ് ഡയറക്ടര്‍ ജനറലിന്റെ അറിയിപ്പുപ്രകാരം കപ്പല്‍ ചെന്നൈയിലേക്ക് കൊണ്ടുപോകാമെന്ന് കപ്പലിന്റെ ഉടമസ്ഥരായ തൊലാനി ഗ്രൂപ്പിന്റെ വക്താവ് സുനില്‍ പുരി അറിയിച്ചു.
പ്രഭുദയ കപ്പല്‍ ഇന്ന് രാവിലെ ചെന്നൈയിലെത്തും.

കൊളംബോ തുറമുഖം വഴി സിംഗപ്പൂരിലേക്കുള്ള യാത്രയിലായിരുന്ന കപ്പല്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ കര്‍ശന നിലപാടിനെത്തുടര്‍ന്നാണ് ചെന്നൈയിലേക്ക്് തിരിക്കുന്നത്. പ്പലിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യുന്നതിനായി കേരള പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ചെന്നൈയിലേക്കു പോകും. കപ്പല്‍ പരിശോധിക്കുന്നതിനായി മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗം ഇന്നലെത്തന്നെ ചെന്നൈയിലേക്കു തിരിച്ചു.

നേരത്തേ കൊച്ചിയിലേക്ക് കപ്പല്‍ എത്തിക്കാനായിരുന്നു പദ്ധതിയെങ്കിലും കപ്പല്‍ കൊളംബോ ഭാഗത്തായതിനാല്‍ തൊട്ടടുത്തുള്ള ചെന്നൈയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ക്യാപ്റ്റന്‍ സന്തോഷ് കുമാറിനെയും കപ്പല്‍ തൊഴിലാളികളെയും ചോദ്യംചെയ്യുമെന്നാണ് സൂചന. മറൈന്‍ മര്‍ക്കന്റയില്‍ വിഭാഗമാണ് ചോദ്യംചെയ്യലും പരിശോധനയും നടത്തുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് സുനില്‍ പുരി വ്യക്തമാക്കി.

Malayalam news

Kerala news in English