എഡിറ്റര്‍
എഡിറ്റര്‍
നങ്ങേലിയുടെ സമരമടക്കം ജാതിവിരുദ്ധ സ്ത്രീസമരങ്ങള്‍ ഒന്നടങ്കം വെട്ടിമാറ്റി സി.ബി.എസ്.ഇ
എഡിറ്റര്‍
Monday 13th February 2017 4:57pm

mayas
കേരളത്തിലെ ചേര്‍ത്തലയിലുള്ള ഈഴവപെണ്ണായ നങ്ങേലിയുടെ കഥ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? മുലക്കരത്തിനെതിരെയുള്ള നങ്ങേലിയുടെ ധീരമായ പ്രതിഷേധം ഓര്‍മ്മയില്ലേ. മുലക്കരം പിരിക്കാനെത്തിയയാള്‍ക്കു മുമ്പില്‍ മുലകള്‍ അറുത്ത് ചേമ്പിലയില്‍ വെച്ചു നങ്ങേലി. ഒടുക്കം ചോരവാര്‍ന്ന് മരണവും. പ്രദേശവാസികള്‍ക്ക് നങ്ങേലി ഒരു ഐതിഹാസിക പോരാട്ടത്തിന്റെ പ്രതീകമാണ്. എന്നാല്‍ ഔദ്യോഗിക രേഖകളില്‍ നങ്ങേലിയില്ല.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ചില സാംസ്‌കാരിക ഇടങ്ങളില്‍ നങ്ങേലിയുടെ കഥ പുനര്‍ജ്ജീവിച്ചെങ്കില്‍ അവര്‍ ഒരിക്കല്‍ കൂടി അവഗണിക്കപ്പെടുകയാണ്. ഇന്ത്യയുടെ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഭയപ്പെടുത്തുന്ന കാലഘട്ടങ്ങള്‍ എങ്ങനെയാണ് എളുപ്പം വിസ്മൃതിയിലമരുന്നതെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് നങ്ങേലിയെന്ന് ചിത്രകാരന്‍ ടി. മുരളി പറയുന്നു. നങ്ങേലിയുടെ ധീരതയുടെ കഥയ്ക്ക് ചിത്രരൂപം നല്‍കിയയാളാണ് മുരളി.

‘നങ്ങേലിയുടെ ത്യാഗത്തിന്റെ കഥ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി ഞങ്ങള്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ കഴിയില്ല. കാരണം ഈ സംഭവം നടന്നതിന്റെ കൃത്യമായ തിയ്യതിയില്ല. കുറേക്കൂടി തെളിവുകളും ആവശ്യമുണ്ട്.’ അദ്ദേഹം പറയുന്നു. ‘എന്നാല്‍ എന്റെ പുസ്തകമായ അമാന ചിത്രങ്ങളിലൂടെ നങ്ങേലിയുടെ കഥയ്ക്കു ജീവന്‍ നല്‍കുകയാണ്.’ മുരളി വിശദീകരിക്കുന്നു.

ജാതിപീഡനങ്ങളെ നിര്‍ബന്ധിച്ച് മായ്ച്ചുകളയാനുള്ള മറ്റൊരു ശ്രമത്തിനുകൂടി നമ്മള്‍ സാക്ഷിയാവുകയാണ്. അടുത്തിടെ സി.ബി.എസ്.ഇ ഇത്തരമൊരു തീരുമാനമെടുത്തിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കു സാമൂഹ്യശാസ്ത്ര സിലബസില്‍ നിന്നും ‘ജാതി, സംഘട്ടനം, വസ്ത്രമാറ്റം’ എന്ന തലക്കെട്ടിലുള്ള പാഠഭാഗം നീക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ‘ആക്ഷേപാര്‍ഹമായ ഉള്ളടക്കങ്ങള്‍’ നീക്കം ചെയ്യണമെന്ന മദ്രാസ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണിത്. സി.ബി.എസ്.ഇയ്ക്കു പുറമേ 15 സംസ്ഥാന ബോര്‍ഡുകള്‍ കൂടി ഉപയോഗിക്കുന്ന എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തിലെ ഭാഗമാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

nangeli-murali

1800കളുടെ തുടക്കത്തില്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിലെ നായന്മാരുടെ കൗണ്‍സിലായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ദ പിഡകൈകര്‍ നടപ്പാക്കിയിരുന്ന ജാതിസമ്പ്രദായത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതായിരുന്നു ഈ പാഠഭാഗങ്ങള്‍. നാടാര്‍ സമുദായത്തില്‍പ്പെട്ട പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മേല്‍വസ്ത്രം ധരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന ഭാഗമാണ് എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്.

ഉയര്‍ന്ന ജാതിക്കാരോടുള്ള ആദരമായാണ് ഈ വസ്ത്രധാരണ വിലക്കിനെ കണ്ടിരുന്നത്. വിലക്ക് മറികടന്ന് മേല്‍വസ്ത്രം ധരിക്കുകയാണെങ്കില്‍ നാടാര്‍ സമുദായക്കാര്‍ മുലക്കരം നല്‍കണം. 1822ല്‍ മാറു മറയ്ക്കല്‍ സമരം അല്ലെങ്കില്‍ ചാന്നാര്‍സമരം എന്ന പേരില്‍ ഇതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഉയര്‍ന്ന ജാതിക്കാരെപ്പോലെ തങ്ങള്‍ക്കും മേല്‍വസ്ത്രം ധരിക്കാന്‍ അവകാശം വേണമെന്നാവശ്യപ്പെട്ട് നാടാര്‍, ഈഴവ സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

മാറുമറയ്ക്കാനായി മുലക്കരം നല്‍കണമെന്നുള്ള നിബന്ധനകളോട് നാടാര്‍ സ്ത്രീകള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നതിനാല്‍ 1858വരെ ഇതിനെതിരെയുള്ള നിലനിന്നിരുന്നു. ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്തവര്‍ക്ക് കുപ്പായം ധരിക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ നായര്‍ സ്ത്രീകള്‍ ധരിക്കുന്ന രീതിയിലുള്ള മേല്‍മുണ്ട് ധരിക്കാനുള്ള അവകാശമുണ്ടായിരുന്നില്ല.

nangeli-comic

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഈ വിവാദവവും പുതിയതോ മുമ്പെങ്ങും ഉണ്ടാവാത്തതോ അല്ല. നാലുവര്‍ഷം മുമ്പ് ഈ സ്ത്രീകളെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയും മറ്റ് രാഷ്ട്രീയക്കാരും ഇതിനെ എതിര്‍ത്തിരുന്നു. ഈ കഥയില്‍ നാടാര്‍ വിഭാഗത്തെ കുടിയേറ്റക്കാര്‍ എന്ന നിലയിലാണ് ചിത്രീകരിച്ചിരുന്നതെന്നും ഇത് കുട്ടികള്‍ക്കിയില്‍ തെറ്റായ ബോധ്യമാണ് സൃഷ്ടിക്കുന്നതെന്നുമായിരുന്നു ഇവരുടെ അവകാശവാദം. പക്ഷെ ഈ പ്രശ്‌നം ഇതിനകം തന്നെ കുഴിച്ചുമൂടിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നാടാര്‍ സമുദായത്തില്‍ നിന്നുള്ള അഡ്വക്കറ്റ്‌സ് ഫോറം ഓഫ് സോഷ്യല്‍ ജസ്റ്റിസ് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയില്‍ പറയുന്നത് വസ്തുതാപരമായ കൃത്യതയില്ലാത്തതിനാല്‍ ഈ പാഠപുസ്തകത്തിലെ വിശകലനങ്ങള്‍ ‘അപകീര്‍ത്തിപ്പെടുത്തുന്നതാണ്’ എന്നാണ്.

എന്നിരുന്നാലും പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളെ സിലബസില്‍ നിന്ന് പുറന്തള്ളുന്ന സി.ബി.എസ്.ഇയുടെ നീക്കത്തെ അപകടകരമായ നീക്കമായിട്ടാണ് ഐ.ഐ.ടി മദ്രാസിലെ ഹ്യൂമാനിറ്റീസ് ആന്റ് സോഷ്യല്‍സയന്‍സസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സന്തോഷ് ആര്‍ പറയുന്നത്. കാരണം ഇതിലൂടെ നാടാര്‍ വിഭാഗം നടത്തിയ ജാതിവിരുദ്ധ ചരിത്രത്തെ മൊത്തം മായ്ച്ചുകളയുകയാണ് ചെയ്യുന്നത്. മേല്‍ജാതിക്കാര്‍ക്കെതിരെ നടന്ന ഇത്തരം മുന്നേറ്റങ്ങളെ ഇല്ലാതാക്കാനുള്ള ഹിന്ദുത്വ അജണ്ടകളുടെ ഭാഗമാണ് നങ്ങേലിയേയും ചാന്നാര്‍ കലാപത്തെയും പടിക്ക് പുറത്ത് നിര്‍ത്താനുള്ള സി.ബി.എസ്.ഇയുടെ നീക്കം.

cbse-text

‘സിലബസ് ചിട്ടപ്പെടുത്തുന്ന കാര്യത്തില്‍ ജാതിമത സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കുറേയേറെ സംഭവങ്ങളില്‍ ഒടുവിലത്തേതാണ് ഈ വിവാദം.

ദേശീയ തലത്തില്‍ തന്നെ ഇത്തരം ജാതിവിരുദ്ധ പോരാട്ട ചരിത്രങ്ങളെ വിദ്യാര്‍ത്ഥികളില്‍ നിന്നും പുതുതലമുറകളില്‍ നിന്നും മറച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പാഠഭാഗങ്ങളുടെ നീക്കം ചെയ്യല്‍. തങ്ങളെക്കുറിച്ച് കുറേക്കൂടി പരിഷ്‌കരിച്ച ഒരു ചരിത്രവ്യാഖ്യാനം ക്ലാസുകളില്‍ പഠിപ്പിക്കണമെന്നാണ് ഈ സംഘടനകളുടെ ആവശ്യം. ഈ സമുദായങ്ങള്‍ക്കെല്ലാം മഹത്തായ ഒരു ഭൂതകാലമുണ്ടെന്ന തരത്തില്‍ ചരിത്രം സൃഷ്ടിക്കാനുള്ള പൊതുരീതിയുടെ ഭാഗമാണിത്. പക്ഷെ ഇതു ചെയ്യുമ്പോള്‍  മായ്ക്കപ്പെടുന്നത് ഇന്ത്യയില്‍ ജാതി, ലിംഗ വിഷയങ്ങളില്‍ നടന്ന പല പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളും കാഴ്ചകളുമാണ്.

വസ്തുനിഷ്ഠമായ ചരിത്രം പഠിക്കാനുള്ള അവസരം കുട്ടികള്‍ക്കു നിഷേധിക്കുകയെന്നത് സര്‍ക്കാറിന് വിദ്യാര്‍ഥികളോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ അനീതിയാണ്. പകരം വിമര്‍ശനാത്മക ചിന്തകള്‍ പ്രോത്സാഹിപ്പിക്കുകയും നിലവിലെ യഥാര്‍ത്ഥകളെ മനസിലാക്കിക്കൊണ്ട് ആഴത്തിലുള്ള ചരിത്രബോധം ഉണ്ടാക്കിയെടുക്കാന്‍ കുട്ടികളെ സഹായിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

ഈ ചരിത്രഭാഗങ്ങളെല്ലാം നീക്കം ചെയ്യുന്നതിനു മുമ്പ് കൃത്യമായ വസ്തുതാ പരിശോധനകള്‍ സി.ബി.എസ്.ഇ നടത്തിയിരുന്നോ എന്നതാണ് മറ്റൊരു ചോദ്യം. ഈ ഭാഗം കരിക്കുലത്തില്‍ നിന്ന് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചരിത്രകാര്‍ക്കിടയിലും ബുദ്ധിജീവികള്‍ക്കിടയിലും വലിയ അഭിപ്രായ ഭിന്നതകളുണ്ട്.

j-devika

സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട കാര്യം എന്നതിനപ്പുറം ജാതിയും അന്തസ്സുമൊക്കെയായി ബന്ധപ്പെട്ടതാണ് ഈ സംഭവം എന്നതിനാല്‍ നാടാര്‍ സ്ത്രീകളുടെ പ്രക്ഷോഭം വിദ്യാര്‍ഥികള്‍ മനസിലാക്കേണ്ടതുണ്ടെന്ന് തിരുവനന്തപുരത്തെ  സെന്‍ട്രല്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ ചരിത്രകാരി ജെ. ദേവിക പറയുന്നു.

‘ജാതിവിരുദ്ധ പോരാട്ടങ്ങളെ മായ്ചു കളഞ്ഞ് ചരിത്രത്തെ വളച്ചൊടിച്ച് പാഠഭാഗത്തെ സിലബസില്‍ നിന്ന് നീക്കുന്നത്  പരിഹാസ്യമാണ്. ‘ അവര്‍ പറയുന്നു. ‘തങ്ങളുടെ ഭൂതകാലം ചര്‍ച്ച ചെയ്യപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു വിഭാഗമുണ്ട് നാടാര്‍ സമുദായത്തിനുള്ളില്‍. തങ്ങള്‍ക്ക് മികച്ച ഒരു പഴയകാലമുണ്ടെന്ന ധാരണ സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. ഇത് ഏറെ ഖേദകരമാണ്. കാരണം മേല്‍മുണ്ട് സമരം എന്നു വിളിക്കപ്പെടുന്ന ഈ സമരത്തില്‍ സ്ത്രീകളാണ് ബ്രിട്ടീഷുകാരെയും പ്രാദേശിക ജാതിക്കോമരങ്ങളെയും വെല്ലുവിളിച്ചത്.’ അവര്‍ പറയുന്നു.

കടപ്പാട്: ദ വയര്‍

Advertisement