Categories

ടി.ജി നന്ദകുമാറിനെതിരെയുള്ള കേസ് സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് വിട്ടു

തിരുവനന്തപുരം: വ്യവഹാര ദല്ലാള്‍ എന്നറിയപ്പെടുന്ന ടി. ജി. നന്ദകുമാറിനെതിരായ കേസ് സി.ബി.ഐയ്ക്ക് വിട്ട് സംസ്ഥാനസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് നന്ദകുമാറിനെതിരായ പരാതി. നന്ദകുമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

വിദേശബാങ്കുകളില്‍ നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം വന്നിരുന്നതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിന് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നന്ദകുമാറിനെതിരേ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് പുന്നൂസ് ആഭ്യന്തരവകുപ്പിന് കത്തെഴുതുകയായിരുന്നു.

ടി ജി നന്ദകുമാര്‍ സിബിഐ ഉന്നത ഉദ്യോഗസ്ഥരുമായി ദല്‍ഹിയില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. നന്ദകുമാറിന്റെ അവിഹിത സ്വത്ത് സമ്പാദ്യത്തെക്കുറിച്ച് സി.ബി.െഎ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടുന്നതിന് തൊട്ടുമുമ്പായിരുന്നു ഇയാള്‍ സി.ബി.ഐ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയത്.

കരാര്‍ ഉറപ്പിക്കുന്നതിനും കേസ് തീര്‍പ്പാക്കുന്നതിന് ജഡ്ജിമാരെ സ്വാധീനിക്കുന്നതിനും ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതായി നന്ദകുമാറിനെതിരെ ആരോപണമുണ്ട്. നമ്പര്‍ പ്ലേറ്റ് ഇടപാടിലും ഇടനിലക്കാരനായി രംഗത്തുള്ള നന്ദകുമാര്‍ കെ.പി.സി.സി ഉന്നതനുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും ആരോപണമുണ്ട്. 100 കോടിയില്‍പ്പരം രൂപയുടെ അവിഹിത സ്വത്ത് ഇയാളുടെ പേരിലുള്ളതായി ആരോപണമുണ്ട്. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരയ്ക്കലാണ് മുഖ്യമന്ത്രിക്ക് ഹര്‍ജി നല്‍കിയത്.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.