കൊല്‍ക്കത്ത: ലൈംഗിക ചൂഷണത്തിനെതിരെ ആഗോള തലത്തില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് പിന്തുണയുമായി കൊല്‍ക്കത്തയിലെ യുവതികളും .സ്ലട്ട്‌വോക്ക്‌ റാലി സംഘടിപ്പിച്ചുകൊണ്ടാണ് കൊല്‍ക്കത്തയിലെ യുവതികള്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചത്.

അല്പവസ്ത്രവും കടുംചുവപ്പ് നിറമുള്ള ലിപ്സ്റ്റിക്കും പൂശി ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച പശ്ചിമബംഗാളിലെ തെരുവോരങ്ങളില്‍ മാര്‍ച്ച് ചെയ്തു. വേശ്യകളെ പോലെ വസ്ത്രം ധരിക്കുന്നതിനാലാണ് സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരകളാവുന്നതെന്ന പരമ്പരാഗത ധാരണകളെ ചോദ്യം ചെയ്ത് നടത്തിയ പ്രകടനത്തില്‍ വിവിധ ക്യാമ്പസുകളില്‍ നിന്നായി 300ലധികം യുവതികള്‍ പങ്കെടുത്തു.

കൊല്‍ക്കത്തയില്‍ നടന്ന നിരവധി പീഡനങ്ങള്‍ക്കെതിരെ സ്ലട്ട്‌വോക്കല്‍ പങ്കെടുത്ത സ്ത്രീകളും പുരുഷന്‍മാരും ശബ്ദമുയര്‍ത്തി. മമത ബാനര്‍ജി നാടകമെന്ന് വിശേഷിപ്പിച്ച രണ്ട് മാനഭംഗ ആരോപണങ്ങളെയും ഇവര്‍ ഉയര്‍ത്തിക്കാട്ടി. കൂടാതെ പാര്‍ക്ക് സ്ട്രീറ്റില്‍ ഫെബ്രുവരിയില്‍ ബലാല്‍ത്സംഗത്തിനിരയായ സ്ത്രീയുടെ സത്യസന്ധതയെ ചോദ്യം ചെയ്ത കായിക മന്ത്രി മിഡാന്‍ മിത്രയെയും പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു.

പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി, മൈ കര്‍വ്, മൈ വോയ്‌സ്, മൈ ജെനീഷ്യല്‍സ് ഡു നോട്ട് ഡിഫൈന്‍ മൈ ജെന്റര്‍, നോ ഔട്ട് ഫിറ്റ് ഈസ് ആന്‍ ഇന്‍വിറ്റേഷന്‍ ടു റെയ്പ് തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രകടനം. സാരി, ചുരിദാര്‍, ജീന്‍സ്, സ്‌കേര്‍ട്‌സ് തുടങ്ങി വിവിധതരം വസ്ത്രങ്ങള്‍ ധരിച്ചവരും റാലിയിലുണ്ടായിരുന്നു.

‘ അതിക്രമങ്ങള്‍ ഒഴിവാക്കേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ടെന്നാണ് ഞങ്ങളോട് പറഞ്ഞത്. ഞങ്ങളോട് നല്ല രീതിയില്‍ വസ്ത്രം ധരിക്കാന്‍ പറഞ്ഞു, കൃത്യസമയത്ത് വീട്ടിലെത്താന്‍ പറഞ്ഞു, മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കരുതെന്ന് പറഞ്ഞു, ഇതിനെല്ലാം പുറമേ ഞങ്ങളുടെ ലൈംഗിക ചൂഷണവും അതിക്രമവുമെല്ലാം ഞങ്ങളുടെ സമൂഹത്തിന്റെ സംസ്‌കാരമായി കരുതി നിശബ്ദം സ്വീകരിക്കണമെന്നും പറഞ്ഞു’ റാലിയില്‍ പങ്കെടുത്ത കല്‍ക്കത്ത യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി പ്രിയങ്ക ദത്ത പറഞ്ഞു.

2011ല്‍ ടൊറന്റോയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ പ്രസ്താവനയാണ് സ്ലട്ട്‌വോക്ക്‌ എന്ന പ്രതിഷേധ സമരത്തിന് തുടക്കം കുറിച്ചത്. ലൈംഗിക ചൂഷണം ഒഴിവാക്കാന്‍ വേശ്യകളുടെ രീതിയുള്ള വസ്ത്രരീതി സ്ത്രീകള്‍ ഉപേക്ഷിക്കണണെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇത് സ്ത്രീകള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരാന്‍ കാരണമാകുകയായിരുന്നു.

ക്രുദ്ധരായ സ്ത്രീകള്‍ തെരുവുകള്‍ പിടിച്ചടക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതിഷേധം കാനഡയാകെ വ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രിലോടെ ഈ പ്രക്ഷോഭം അതിര്‍ത്തി കടന്ന് യു.എസിലേക്കും യു.കെയിലേക്കും ആസ്‌ത്രേലിയയിലേക്കും വ്യാപിച്ചു.

കാനഡയില്‍ ആരംഭിച്ച സ്ലട്ട്‌വോക്ക്‌ പ്രകടനമ കഴിഞ്ഞവര്‍ഷമാണ് ഇവിടെയെത്തിയത്. കഴിഞ്ഞവര്‍ഷം ദല്‍ഹിയിലും മുംബൈയിലും സ്ത്രീകള്‍ ഈ രീതിയിലുള്ള പ്രതിഷേധം നടത്തിയിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നൂറുകണക്കിന് സ്ത്രീകള്‍ ഈ സമരത്തില്‍ പങ്കെടുത്തിരുന്നു.