ഹൊബാര്‍ട്ട്: കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സായിരുന്നു ഇന്നലത്തെ കളിയിലേതെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലി. സി ബി സീരിസിലെ ഫൈനലിനു മുന്‍പുള്ള ഇന്ത്യയുടെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ ഏഴുവിക്കറ്റിനു തോല്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോഹ്‌ലി.

320 റണ്‍സ് പിന്തുടരുന്നതും ഫൈനലില്‍ കടക്കാന്‍ ബോണസ് പോയിന്റ് വേണമെന്ന ചിന്തയുമാണ് തന്നെ അടിച്ചുകളിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കോഹ്‌ലി പറഞ്ഞു. ഇന്ത്യ 9.2 ഓവറില്‍ രണ്ടുവിക്കറ്റിന് 86 റണ്‍സെടുത്തു നില്‍ക്കുന്ന അവസ്ഥയിലാണ് കോഹ് ലി ക്രീസിലെത്തുന്നത്. കോഹ് ലി ക്രീസിലെത്തുന്നതിനുമുന്‍പ് ശ്രീലങ്കയ്ക്ക് വിജയപ്രതീക്ഷ ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ് തുടങ്ങിയതും അധികം ഒച്ചപ്പാടില്ലാതെയായിരുന്നു.ആദ്യത്തെ 44 പന്തില്‍ തന്നെ കോഹ്‌ലി 50 റണ്‍സ് കടന്നു. മറുവശത്ത് ഗൗതം ഗംഭീറും സമാനമായ പിന്തുണ കോഹ്‌ലിയ്ക്ക് കൊടുക്കുന്നുണ്ടായിരുന്നു.

ഏതാണ്ട് കളി നിയന്ത്രണത്തിലായതോടെ കോഹ്‌ലി യഥാര്‍ത്ഥ കളി പുറത്തെടുക്കാന്‍ തുടങ്ങി. ഒരു ഓവറില്‍ ഒരു ഫോര്‍ എന്ന നിലയ്ക്ക് അടിച്ചു തുടങ്ങിയതോടെ സ്‌കോറിംഗും വേഗത്തിലായി. 76 പന്തുകളിലാണ് കോഹ്‌ലി സെഞ്ച്വറി തികച്ചത്.

വെറും പത്ത് പന്തുകളിലാണ് കോഹ്‌ലി അവസാനത്തെ 33 റണ്‍സ് കൂട്ടിച്ചേര്‍ത്തത്.ഏകദിനത്തിലെ ഏറ്റവും അപകടകാരിയായ ലസിത് മലിംഗയാണ് കോഹ്‌ലിയുടെ ബാറ്റിന്റെ കരുത്ത് കൂടുതല്‍ അറിഞ്ഞത്. 35 ാം ഓവറിലാണ് കോഹ്‌ലി മലിംഗയെ ഞെട്ടിക്കാന്‍ തുടങ്ങിയത്.

മലിംഗയുടെ രണ്ടാമത്തെ പന്ത് സിക്‌സറിനു പറത്തിയ കോഹ്‌ലി അടുത്ത നാലു പന്തുകളും ഫോര്‍ ലൈന്‍ കടത്തി.ആ ഓവറില്‍ മലിംഗ വഴങ്ങിയത് 24 റണ്‍സ്. കുലശേഖരുടെ 13 പന്തുകളില്‍ 23 റണ്‍സും എയ്ഞ്ചലോ മാത്യുവിന്റെ 21 പന്തില്‍ 24 റണ്‍സുമാണ് കോഹ് ലി നേടിയത്. തീസര പെരേരയുടെ 23 പന്തില്‍ 32 റണ്‍സ് എടുത്താണ് കോഹ്‌ലി കണക്കുതീര്‍ത്തത്.

Malayalam News

Kerala News In English