മുംബൈ: 2010-2011 സാമ്പത്തിക വര്‍ഷത്തിലെ ബി.സി.സി.ഐയുടെ ലാഭം 189.72 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെക്കാളും 200ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.

2010-2011 കാലയളവിലെ ബി.സി.സി.ഐയുടെ മൊത്തം വരുമാനം 2026.39 കോടി രൂപയായിരുന്നു. ചെലവ് 1836.67 കോടിയും. ബി.സി.സി.ഐയുടെ വാര്‍ഷിക യോഗത്തില്‍ സ്ഥാനമൊഴിയുന്ന ട്രഷറര്‍ എം.പി.പണ്ഡോവ് അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മീഡിയ റൈറ്റ്‌സ്, സ്‌പോണ്‍സര്‍ഷിപ്പ്, ഐ.പി.എല്‍ ഫ്രാഞ്ചസികളില്‍ നിന്നുള്ള വരുമാനം, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നുള്ള ധനസഹായം എന്നിവയാണ് ബി.സി.സി.ഐയുടെ പ്രധാന വരുമാന സ്‌ത്രോതസ്. മീഡിയ റൈറ്റ്‌സിലൂടെ 1047 കോടിയും സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നായി 434.77 കോടിയും ഐ.പി.എല്‍ ഫ്രാഞ്ചസികളില്‍ നിന്നായി 289.44 കോടിയുമാണ് ബി.സി.സി.ഐക്ക് ലഭിച്ചത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തില്‍ നൂറ് കോടിയുടെ വര്‍ദധനവാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക ലാഭമുള്ള കായിക സംഘടനകളിലൊന്നായ ബി.സി.സി.ഐപ്രതീക്ഷിക്കുന്നത്.