കോട്ടയം: 10 പേരുടെ മരണത്തിനിടയാക്കിയ താഴത്തങ്ങാടി ബസപകടത്തിന് കാരണം ബസിന്റെ ഡ്രൈവര്‍ രാധാകൃഷ്ണന്‍ മയങ്ങിപ്പോയതാണെന്ന് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കളക്ടര്‍ റിപ്പോര്‍ട്ട് ഇന്നലെ ചീഫ് സെക്രട്ടറിക്ക് ഫാക്‌സ് ചെയ്തു.

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം 13 മീറ്ററോളം വണ്ടി മുന്നോട്ട് നീങ്ങിയെങ്കിലും വാഹനം നിയന്ത്രണ വിധേയമാക്കാന്‍ ശ്രമമുണ്ടായില്ലെന്ന് കലക്ടര്‍ കരുതുന്നു. ബ്രേക്ക് ചവിട്ടാനോ ബസ് എതിര്‍ദിശയിലേക്ക് വളക്കാനോ ശ്രമിച്ചിട്ടില്ല. ബസില്‍ തിരക്ക് കുറവായിരുന്നതിനാല്‍ നിയന്ത്രണം വിടാനുള്ള സാഹചര്യം താരതമ്യേന കുറവായിരുന്നുവെന്നും കലക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

റോഡിന് വീതി കുറവായിരുന്നതും അപകട സ്ഥലത്തേക്ക് വന്‍ ജനപ്രവാഹമുണ്ടായതും രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ബസിന് യന്ത്രത്തകരാറോ മറ്റു കുഴപ്പങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അപകടശേഷം ബസ് പരിശോധിച്ച ആര്‍ ടി ഓയും ഫോറന്‍സിക് വിദഗ്ധരും വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച മീനച്ചിലാറ്റിലേക്ക് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിലെ 10 യാത്രക്കാരും രക്ഷാപ്രവര്‍ത്തനത്തിനിടെ നാട്ടുകാരനായ ഒരാളും മരിച്ചിരുന്നു.