കോട്ടയം: താഴത്തങ്ങാടിയില്‍ അപകടത്തില്‍പ്പെട്ട ബസിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് കണ്ടെത്തല്‍. എമര്‍ജന്‍സി വാതിലുകള്‍ സംബന്ധിച്ച മോട്ടോര്‍ മാഹന നിയമത്തിലെ വ്യവസ്ഥകള്‍ ബസിന്റെ നിര്‍മ്മാണത്തില്‍ പാലിച്ചില്ലെന്നാണ് കണ്ടെത്തല്‍. ബസിന് പിറകില്‍ എമര്‍ജന്‍സി വാതില്‍ തടസപ്പെടുത്തി സീറ്റ് പാടില്ല, സീറ്റിന് പിറകില്‍ കമ്പി പാടില്ല തുടങ്ങിയവയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമം. എന്നാല്‍ അപകടത്തില്‍പ്പെട്ട ബസില്‍ ഈ നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടതായാണ് കണ്ടെത്തിയത്.

എന്നാല്‍ ഇന്ന് ആര്‍ ടി ഒ നടത്തിയ പരിശോധനയില്‍ ബസിന് അപാകതകളൊന്നുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബസിന്റെ എമര്‍ജന്‍സി വാതിലിന് തടസം സൃഷ്ടിക്കപ്പെടുന്ന രീതിയില്‍ സീറ്റും കമ്പിയും ഘടിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍പ്പെടുന്ന ബസില്‍ നിന്ന് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ പുറത്ത് കടക്കാന്‍ കഴിയുന്നതിനാണ് എമര്‍ജന്‍സി വാതില്‍ വേണമെന്ന നിബന്ധന വെച്ചത്. കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് ബസ് ഇപ്പോഴുള്ളത്.