കൊച്ചി: ഐ.ടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ തയാറാകാത്ത പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടി. തൃക്കാക്കര് എ.എസ്.ഐയെയാണ് സസ്‌പെന്റ് ചെയ്തത്. ഡി.ജി.പി ജേക്കബ് പുന്നൂസാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

അന്വേഷണ ഉദ്യോഗസ്ഥരില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കൊച്ചിയിലുണ്ടായത് ഗൗരവമേറിയ സംഭവമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അതിനായി ആവശ്യമായ മുന്‍കരുതലുകളെടുക്കും. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

കാക്കനാട് സെസിലെ ബി.പി.ഒ കമ്പനിയിലെ ജീവനക്കാരിയായ മലപ്പുറം മഞ്ചേരി പുളിക്കാമത്ത് വീട്ടില്‍ തസനി ബാനുവാണ് കഴിഞ്ഞ ദിവസം ഒരു സംഘത്തിന്റെ അക്രമത്തിനിരയായത്. സംഭവമുണ്ടായപ്പോള്‍ സ്ഥലത്തെത്തിയ പോലീസിന് തന്നെ അസഭ്യം പറഞ്ഞയാളെ തസ്‌നി ബാനു കാണിച്ചുകൊടുത്തിരുന്നുവെങ്കിലും കേസെടുക്കാന്‍ തയ്യാറായിരുന്നില്ല.

യുവതിയോട് പരാതി എഴുതിത്തരാനായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ പരാതി നല്‍കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നതിനാല്‍ പിറ്റേന്ന് രാവിലെ സ്റ്റേഷനിലെത്തി പരാതി നല്‍കാമെന്ന് പറഞ്ഞു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയില്‍ നിന്നും നേരിട്ടെത്തി മൊഴിയെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പിന്നീട് പോലീസ് നടപടിയുണ്ടായത്.