ന്യൂദല്‍ഹി: കന്നട പത്രത്തില്‍ താന്‍ ജീവിതത്തിലൊരിക്കലും ലേഖനമെഴുതിയിട്ടില്ലെന്ന് വിവാദ എഴുത്തുകാരി തസ്‌ലീമ നസ്രീന്‍. തസ്‌ലീമയുടെതെന്ന പേരില്‍ ഒരു കന്നട പത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ ഷിമോഗയില്‍ കലാപമുണ്ടായ സാഹചര്യത്തിലാണ് തസ്‌ലീമയുടെ വെളിപ്പെടുത്തല്‍.

‘ തന്നെ ഇകഴ്ത്താനുള്ള മനപൂര്‍വ്വമായ ശ്രമമാണിത്. കന്നട പത്രത്തില്‍ ഒരു ലേഖനവും ഞാന്‍ ഇതുവരെ എഴുതിയിട്ടില്ല. കര്‍ണാടകയിലുണ്ടായ സംഭവം എന്നെ ഞെട്ടിച്ചു. എന്റെ പേരിലെഴുതിയ ഒരു ലേഖനമാണ് സംഭവത്തിന് കാരണമെന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ എന്റെ ജീവിതത്തില്‍ ഇതുവരെ കന്നട പത്രത്തില്‍ ലേഖനമെഴുതിയിട്ടില്ല. അത്തരത്തില്‍ ഒരു ലേഖനം വന്നത് വളരെ മോശമാണ്. പ്രവാചകന്‍ പര്‍ദക്കെതിരാണെന്ന് എന്റെ ഒരു ലേഖനത്തിലും ഞാന്‍ എഴുതിയിട്ടില്ല. ഇത് തെറ്റായി എഴുതിയ ലേഖനമാണ്.

Subscribe Us:

എന്നെ മോശപ്പെടുത്താനുള്ള മനപൂര്‍വമായ ശ്രമമാണ് ഇതെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ എഴുത്തുകള്‍ സമൂഹത്തില്‍ കുഴപ്പമുണ്ടാക്കാനുള്ള ഉപകരണമായി ഉപയോഗിക്കുകയാണ്. സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്- തസ് ലീമ പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രിയുടെ സ്വന്തം നാടായ ഷിമോഗയിലാണ് ഇന്നലെ വര്‍ഗീയ സംഘര്‍ഷമുടലെടുത്തത്. പോലീസ് വെടിവെപ്പിലും സംഘര്‍ഷത്തിലും രണ്ട് പേര്‍ മരിച്ചിരുന്നു. ഷിമോഗയിലും ഹസനിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് വെടിവെപ്പില്‍ ഒരാളും ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ കല്ലേറില്‍ മറ്റൊരാളും മരിക്കുകയായിരുന്നു. പത്രത്തില്‍ ലേഖനം വന്നതിനെ തുടര്‍ന്ന ഒരു വിഭാഗം ആളുകള്‍ നഗരത്തിലിറങ്ങി കടകള്‍ അടപ്പിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. വാഹനങ്ങള്‍ക്ക് നേരെ തീവെപ്പുണ്ടായി. അക്രമികള്‍ക്ക് നേരെ ലാത്തിചാര്‍ജുണ്ടായെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമായില്ല. തുടര്‍ന്ന് വെടിവെക്കുകയായിരുന്നെന്നാണ് പോലീസ് ഭാഷ്യം. കര്‍ണാടകത്തിലെ വിവിധ പ്രദേശങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ 20 പേര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു.