ന്യൂദല്‍ഹി: ഇന്ത്യാ-പാക് ചര്‍ച്ചകളില്‍ സൗദി അറേബ്യക്ക് ഫലപ്രദമായി ഇടപെടാനാകുമെന്ന പ്രസ്താവന സംബന്ധിച്ച് കേന്ദ്ര വിദേശ സഹമന്ത്രി ശശി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വിശദീകരണം നല്‍കി. കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍ ദ്വിവേദിക്കാണ് തരൂര്‍ വിശദീകരണം നല്‍കിയത്. രാജ്യത്തിന്റെ പ്രഖ്യാപിത വിദേശ നയം തന്നെയാണ് തന്റേതെന്നും മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്നും തരൂര്‍ വ്യക്തമാക്കിയതായി ജനാര്‍ദ്ദനന്‍ ദ്വിവേദി അറിയിച്ചു.

എന്നാല്‍ സൗദി മധ്യസ്ഥത വഹിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പിന്നീട് തരൂര്‍ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങള്‍ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയാണുണ്ടായതെന്ന് തരൂര്‍ പിന്നീട് ട്വിറ്ററിലൂടെയും വിശദമാക്കി. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്ന്് തരൂര്‍ ഇ്ന്നലെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. സംവദിക്കാന്‍ കഴിയുന്ന ഒരു കക്ഷി എന്നു മാത്രമേ ‘ഇന്റര്‍ ലോക്യൂട്ടര്‍’ എന്ന വാക്ക് അര്‍ഥമാക്കുന്നുള്ളൂവെന്നും അതില്‍ കൂടുതലൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.