കാഠ്മണ്ഡു: നേപ്പാള്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ പ്രമുഖ ബാലതാരവും. തരുണി സച്‌ദേവാണ് (13) മരിച്ചത്.

വെള്ളി നക്ഷത്രം, സത്യം എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ബാലതാരമായിരുന്നു തരുണി. അമിതാഭ് ബച്ചന്റെ ‘പാ’ എന്ന ചിത്രത്തിലും  നിരവധി പരസ്യ ചിത്രങ്ങളിലും തരുണി അഭിനയിച്ചിട്ടുണ്ട്.
തരുണിയുടെ അമ്മ ഗീത സച്‌ദേവും അപകടത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നേപ്പാളില്‍ ക്ഷേത്ര ദര്‍ശനത്തിനു പോയതായിരുന്നു പത്തംഗ സംഘം. മുംബൈ ഖാര്‍ സ്വദേശികളാണ് തരുണിയുടെ കുടുംബം.

നേപ്പാളിലെ ചെറുവിമാനമായ ആഗ്രി എയറിന്റെ വിമാനമാണ് തകര്‍ന്നത്.  മൂന്നുജോലിക്കാരും 16 ഇന്ത്യന്‍ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാരയില്‍ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകര്‍ന്നു വീണത്.