തിരുവനന്തപുരം: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രി (സി.ഐ.ഐ) മുന്‍ ഡയറക്ടറും കൊക്ക കോളയുടെ അന്താരാഷ്ട്ര ഉപദേശകനുമായിരുന്ന തരുണ്‍ദാസിനെ സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഒരാളെ ആസൂത്രണ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്.

2 ജി സ്‌പെക്ട്രം ഇടപാടിലെ ഇടനിലക്കാരി നീര റാഡിയയുടെ ടേപ്പ് സംഭാഷണങ്ങളില്‍ തരുണ്‍ദാസ് ഇടനിലക്കാരനായി പ്രത്യക്ഷപ്പെട്ടിരുന്നു. കമല്‍നാഥിനെ ഉപരിതല ഗതാഗതമന്ത്രിയാക്കിയത് തന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് നീരാ റാഡിയയോട് തരുണ്‍ദാസ് വെളിപ്പെടുത്തുന്ന സംഭാഷണങ്ങളാണ് പുറത്തുവന്നത്. കമല്‍നാഥ് യോഗ്യനായ മന്ത്രിയാണെന്ന് തരുണ്‍ദാസ് പറയുന്നുണ്ട്. എ.രാജയെ മന്ത്രിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് തരുണ്‍ദാസ് പറയുന്ന ടേപ്പുകളും പുറത്തുവന്നിരുന്നു.

തരുണ്‍ദാസിനെ ബോര്‍ഡിലുള്‍പ്പെടുത്തിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം കഴിഞ്ഞദിവസമാണുണ്ടായത്. അദ്ദേഹത്തിന് പുറമേ ദല്‍ഹി മെട്രോ റെയില്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ ഇ. ശ്രീധരന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവും ടെക്‌നോപാര്‍ക്ക് മുന്‍ സി.ഇ.ഒയുമായിരുന്ന ജി. വിജയരാഘവന്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആസൂത്രണ ബോര്‍ഡ് പുനസംഘടിപ്പിച്ചത്.

പുതിയ ആസൂത്രണബോര്‍ഡില്‍ മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി, തെ.സി ജോസഫ്, കെ.പി മോഹനന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരുമുണ്ടാകും. വൈസ് ചെയര്‍മാനായി കെ.എം. ചന്ദ്രശേഖറെ നേരത്തെ തീരുമാനിച്ചിരുന്നു.

അവശേഷിക്കുന്ന രണ്ട് അംഗങ്ങളുടെ കാര്യത്തില്‍ മന്ത്രിസഭയില്‍ ചര്‍ച്ച വന്നെങ്കിലും തീരുമാനമായിട്ടില്ല. ഘടകകക്ഷികള്‍ ആസൂത്രണ ബോര്‍ഡില്‍ അംഗത്വം വേണമെന്ന നിലപാടെടുത്തത് മൂലമാണിത്.

സി.എം.പിയിലെ സി.പി. ജോണ്‍, സോഷ്യലിസ്റ്റ് ജനതയിലെ ഡോ. വര്‍ഗീസ് ജോര്‍ജ്, ഷാഫി മേത്തര്‍, ഡോ. ബി.എ. പ്രകാശ് തുടങ്ങിയ പേരുകള്‍ പരിഗണിച്ചിരുന്നു. ഇതിന് പുറമെ മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത ജെ.എസ്.എസും ബോര്‍ഡില്‍ അംഗത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അംഗങ്ങളുടെ കാര്യത്തില്‍ യോജിപ്പ് വരാത്തതിനാല്‍ രാഷ്ട്രീയ അംഗങ്ങളുടെ കാര്യം യു.ഡി.എഫ് ചര്‍ച്ച ചെയ്യാന്‍ മാറ്റിവെച്ചു.