Categories

ശശിതരൂര്‍ മദ്യ പരസ്യത്തില്‍

തിരുവനന്തപുരം: ഐ.പി.എല്‍ വിവാദം കെട്ടടങ്ങുന്നതിന് മുമ്പ് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ മദ്യ വിവാദത്തില്‍. ഔട്ട് ലുക്ക് മാഗസിനില്‍ വന്ന ഒരു പരസ്യത്തിലെ ചിത്രമാണ് തരൂരുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദത്തിന് വഴി തുറന്നത്.

പ്രമുഖ വിദേശമദ്യ ബ്രാന്‍ഡായ ടീച്ചേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന അച്ചീവ്‌മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങി ശശി തരൂര്‍ നില്‍ക്കുന്നതാണ് പരസ്യം. ഔട്ട്‌ലുക്ക് മാഗസിന്റെ പുതുവര്‍ഷ പതിപ്പിലെ 51ാം പേജിലാണ് മുഴുനീളെ പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തരൂരിന്റെ ചിത്രത്തിന് താഴെ ടീച്ചേഴ്‌സ് കമ്പനിയുടെ പേര് വ്യക്തമായി എഴുതിയിട്ടുണ്ട്. ‘ഇംബൊഡിസ് ദി സ്പിരിറ്റ് ഓഫ് അച്ചീവ്‌മെന്റ്’ എന്ന ക്യാപ്ക്ഷനുമുണ്ട്. മദ്യത്തിന്റെ പരസ്യം നല്‍കാന്‍ പാടില്ലെന്നിരിക്കെ അത് മറികടക്കാന്‍ അതേ കമ്പനിയുടെ പരസ്യം നല്‍കുകയാണ് ചെയ്യാറ്. ടീച്ചേഴ്‌സ് മദ്യക്കമ്പനി ശശി തരൂരിന് അവാര്‍ഡ് നല്‍കിയത് തന്നെ ഇത്തരത്തില്‍ പരസ്യം നല്‍കാനാണെന്നാണ് ആക്ഷേപം.

പരസ്യത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്നു തന്നെ പ്രതിക്ഷേധമുയരുന്നുണ്ട്. മദ്യത്തിനെതിരെ ജവിതത്തിലുടനീളം പ്രവര്‍ത്തിച്ച ഗാന്ധിജിയുടെ പാര്‍ട്ടിയില്‍ നിന്ന് എം.പിയായ ഒരാള്‍ മദ്യക്കമ്പനിയുടെ പുരസ്‌കാരം വാങ്ങി പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത് തെറ്റായെന്നാണ് വിമര്‍ശനം.

ശശി തരൂര്‍ എംപി മദ്യത്തിന്റെ പരസ്യത്തില്‍ മോഡലായതിനെകുറിച്ച് കെ.പി.സി.സി നിലപാട് വ്യക്തമാക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാനസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. മദ്യത്തിന്റെ പരസ്യത്തില്‍നിന്ന് ശശി തരൂര്‍ പിന്മാറണം. സച്ചിന്‍ ടെണ്ടുല്‍ക്കരടക്കം ഇത്തരം പരസ്യങ്ങളില്‍നിന്നും ഒഴിവായിരുന്നു. ഈ മാതൃക സ്വീകരിക്കാന്‍ ജനപ്രതിനിധിക്ക് കഴിയണം. മദ്യാസക്തിയിലേക്ക് ജനങ്ങളെ നയിക്കാന്‍ മുന്‍ കേന്ദ്രമന്ത്രികൂടിയായ ജനപ്രതിനിധിതന്നെ മുന്‍കൈയെടുക്കുന്നത് അപലപനീയമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

തരൂരിന്റെ വെബ്‌സൈറ്റില്‍ വന്ന വിശദീകരണം

രാഷ്ട്രീയ ബന്ധമുള്ള ചില ചാനലുകള്‍ ശശി തരൂര്‍ ഒരു മദ്യകമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായി എന്ന നിലയില്‍ വാര്‍ത്ത പുറത്ത് വിടുകയുണ്ടായി. ഇത് തെറ്റായതും വാസ്തവ വിരുദ്ധവുമാണ്.

ശശി തരൂര്‍ എന്ന അന്താരാഷ്ട്ര പ്രശസ്തനായ ഒരു വ്യക്തിക്ക് മുംബൈയിലെ പൊതു ചടങ്ങില്‍ വെച്ചാണ് കമ്മ്യൂണിക്കേഷനുള്ള ടീച്ചേഴ്‌സ് അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചത്. മറ്റ് പല പ്രമുഖര്‍ക്കും അവാര്‍ഡ് ലഭിച്ചിരുന്നു.

അവിടെ വെച്ച് താന്‍ അവാര്‍ഡുമായി നില്‍ക്കുന്ന ഒരു ഫോട്ടോ തന്നെ അഭിനന്ദിച്ചുകൊണ്ട് കമ്പനി നല്‍കിയ ഒരു പരസ്യത്തില്‍ വരികയുണ്ടായി. തരൂര്‍ മദ്യകമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാവുകയോ പരസ്യത്തില്‍ അഭിനയിക്കുകയോ ചെയ്തിട്ടില്ല.

വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിനോദം, കമ്മ്യൂണിക്കേഷന്‍, ബിസിനസ്, ലൈഫ്‌ടൈം അവാര്‍ഡുകളാണ് നല്‍കുന്നത്. ഇത്തവണ ലൈഫ് ടൈം അവാര്‍ഡ് ലഭിച്ചത് ശബാന് ആസ്മിക്കാണ്. തരം താണ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഇത്തരം വിവാദങ്ങള്‍ അഴിച്ചുവിടുന്നത്.

One Response to “ശശിതരൂര്‍ മദ്യ പരസ്യത്തില്‍”

  1. zuhairali

    കേരളത്തിന് എന്തുകൊണ്ടും അഭിമാനിക്കാം. അത്രക്കും വലിയ റിക്കോഡല്ലെ ഈവിഷയത്തില് കേരളത്തിനുള്ളത്…
    http://www.teachersachievementawards.com/
    http://tharoor.in/press/allegations-against-tharoor-on-teachers-award-ad-baseless-and-motivated/

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.