ഹംബന്‍തോത: ഈ വര്‍ഷം തന്റെ നാലാം ഏകദിന സെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍ ഉപുല്‍ തരംഗയുടെ മികച്ച ബാറ്റിംഗിന്റെയും അഞ്ച് വിക്കറ്റെടുത്ത ലസിത് മലിംഗയുടെ ബൗളിംഗ് മികവിനും മുന്നില്‍ ആസ്‌ട്രേലിയക്ക് അടിപതറി. കംഗാരുക്കള്‍ക്കെതിരായ മൂന്നാം ഏകദിനം 78 റണ്‍സിന് ലങ്കന്‍ സിംഹങ്ങള്‍ സ്വന്തമാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ആസ്‌ട്രേലിയ ഇപ്പോഴും 2-1 ന് മുന്നിലാണ്. 111 റണ്‍സെടുത്ത തരംഗയാണ് മാന്‍ ഓഫ് ദ മാച്ച്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 287 റണ്‍സെടുത്തപ്പോള്‍ ആസ്‌ട്രേലിയ 208 റണ്‍സിന് പുറത്താവുകയായിരുന്നു. സെഞ്ചുറി നേടിയ ഉപുല്‍ തരംഗക്ക് പുറമെ (111) കുമാര്‍ സംഗക്കാര(49), ക്യാപ്റ്റന്‍ തിലകരത്‌ന ദില്‍ഷന്‍(49), മഹേല ജയവര്‍ധന(36) എന്നിവരും ശ്രീലങ്കക്ക് വേണ്ടി തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ അരങ്ങേറ്റക്കാരനായ പേസ് ബൗളര്‍ ഷാമിന്ദ ഇരംഗയുടെയും ലസിത് മലിംഗയുടെയും ഉജ്ജ്വല ബൗളിംഗിന് മുന്നില്‍ 208 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 18 റണ്‍സെടുക്കുന്നതിനിടെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരായ വാട്‌സണെയും ഹാഡിനെയും ഇരുവരും പവനിയലെത്തിച്ചു.

പരനപരയില്‍ കഴിഞ്ഞ രണ്ട് മ്ത്സരത്തിലം അര്‍ദ്ധ സെഞ്ചുറി തികച്ച മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്റെ ഊഴമായിരുന്നു അടുത്തത്. 22 റണ്‍സെടുത്ത പോണ്ടിംഗിനെ ഇരംഗ ക്ലീന്‍ ബൗള്‍ ചെയ്യുകയായിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന മൈക്ക് ഹസിയും (63) മൈക്കിള്‍ ക്ലാര്‍ക്ക് (46) പൊരുതിയെങ്കിലും ഇരുവരുടെയും വിക്കറ്റ് വീണതോടെ ആസ്‌ട്രേലിയ തകരുകയായിരുന്നു.

അഞ്ചുവിക്കറ്റെടുത്ത ലസിത് മലിംഗക്ക് പുറമെ ഇരംഗ രണ്ട് വിക്കറ്റും മെന്‍ഡിസും കുലശേഖരയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.