എഡിറ്റര്‍
എഡിറ്റര്‍
ധനസഹായം വര്‍ദ്ധിപ്പിച്ചതിന് കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും നന്ദി: കെജ്‌രിവാള്‍
എഡിറ്റര്‍
Tuesday 12th November 2013 8:40pm

kejri

ന്യൂദല്‍ഹി: ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും നന്ദി പറഞ്ഞ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍.

പാര്‍ട്ടിയ്ക്ക് ലഭിക്കുന്ന വിദേശധനസഹായത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ സംഭാവനകള്‍ ആറ് മടങ്ങായി വര്‍ദ്ധിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

‘ഞങ്ങളുടെ സമ്പത്തിനെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തിയതിന് ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും നന്ദി പറയുന്നു. സംഭാവനകള്‍ ആറ് മടങ്ങായി വര്‍ദ്ധിച്ചിരിക്കുന്നു. പുലര്‍ന്നതിന് ശേഷം 1100 പേര്‍ സംഭാവനകള്‍ നല്‍കിക്കഴിഞ്ഞു.’ കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

തന്റെ പാര്‍ട്ടിയ്ക്ക് ലഭിക്കുന്ന പണത്തിന് കൃത്യമായ കണക്കുകള്‍ ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും ഫണ്ട് ലഭിക്കുന്നതിനെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

‘അവര്‍ക്ക് ഞങ്ങളെക്കുറിച്ച് അന്വേഷിക്കാം അതേസമയം ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ഫണ്ടിങ്ങിനെ കുറിച്ചും അന്വേഷിക്കണം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാമ്പത്തികസ്രോതസുകള്‍ എന്താണെന്ന് ആഭ്യന്തരമന്ത്രി തന്നെ വെളിപ്പെടുത്തണം’ അദ്ദേഹം ആവശ്യപ്പെട്ടു.

‘ഞങ്ങള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ഇരട്ടി ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണ്. വിദേശ ഇന്ത്യക്കാരില്‍ നിന്നും സാമ്പത്തികസഹായം സ്വീകരിക്കുന്നത് കുറ്റമല്ല. എല്ലാ കാര്യങ്ങളും വെബ്‌സൈറ്റില്‍ വെളിപ്പെടുത്തിയിട്ടുള്ളത് തന്നെയാണ്.’

ഇതുവരെ ദിനം പ്രതിയുള്ള ശരാശരി എട്ട് ലക്ഷമായിരുന്നു. എന്നാല്‍ ഇന്ന് ഇത് 13 ലക്ഷത്തില്‍ അധികമായെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

റിക്ഷാവണ്ടിക്കാര്‍ മുതല്‍ വ്യവസായികള്‍ വരെയുള്ള 63,000 ആളുകളില്‍ നിന്നായി ഇതുവരെ 19 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്.

ഹോങ്കോങ്ങില്‍ സ്ഥിരതാമസമാക്കിയ ഒരു ഇന്ത്യക്കാരന്‍ നല്‍കിയ 50 ലക്ഷമാണ് ഏറ്റവും ഉയര്‍ന്ന സംഭാവന.

ഇത്തരം ഫണ്ടിങ്ങുകളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പരാതികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചോദ്യാവലി പാര്‍ട്ടിയ്ക്ക് അയച്ചുകൊടുത്തിരിക്കുകയാണ്.

‘ചോദ്യാവലിയോട് ആം ആദ്മി പാര്‍ട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.’ ഷിന്‍ഡെ പറഞ്ഞു. പാര്‍ട്ടിയുടെ ഫണ്ടിനെക്കുറിച്ച് അന്വേഷണം നടത്തി ഡിസംബര്‍ പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ദല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ഷിന്‍ഡെ പറഞ്ഞു.

അഭിപ്രായസര്‍വേകള്‍ തങ്ങള്‍ക്ക് അനുകൂലമായതിനാലാണ് ഇത്തരം നടപടികള്‍ നേരിടേണ്ടി വരുന്നതെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു.

Advertisement