കൊല്ലം: കൈരളി ടി.വിയുടെ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ഒന്നാം സമ്മാനമായിക്കിട്ടിയ വില്ലയില്‍ അന്തിയുറങ്ങാന്‍ നിയമ സഹായം തേടി തങ്കമ്മയും ഫാമിലിയും വനിതാ കമ്മീഷനുമുന്നില്‍. ടൗണ്‍ യു.പി.എസില്‍ ചെയര്‍മാന്‍ ജസ്റ്റിസ് ഡി ശ്രീദേവിയുടെ നേതൃത്വത്തില്‍ നടന്ന കമ്മീഷന്റെ അദാലത്തിലാണ് കരുനാഗപ്പള്ളി തഴവ അഷ്ടമ ഭവനില്‍ തങ്കമ്മയെന്ന വൃദ്ധമാതാവിന്റെ പരാതി പരിഗണനക്കെടുത്തത്.

വിധവയായ തങ്കമ്മയുടെ നാല് മക്കളും ജന്മനാ കാഴ്ചയില്ലാത്തവരാണ്. പക്ഷേ സംഗീതത്തിന്റെ പാതയില്‍ മുന്നേറാന്‍ ഇവരുടെ അന്ധത ഇവര്‍ക്ക് തടസ്സമായിരുന്നില്ല. 2008ല്‍ കൈരളി ചാനലിന്റെ ‘എല്ലാവരും പാടണ്’ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ഇവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ശാന്തിമഠം വില്ലയായിരുന്നു സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത്. പക്ഷേ സമ്മാന വാഗ്ദാനമായ 35 ലക്ഷം രൂപയുടെ വില്ല ഇവര്‍ക്ക് നല്‍കാന്‍ സ്‌പോണ്‍സര്‍മാര്‍ തയ്യാറായില്ല. ഒടുവില്‍ നീണ്ട നിയമയുദ്ധത്തിലൂടെയും മാധ്യമ പിന്തുണയിലൂടെയും 2010ല്‍ ഇവര്‍ വില്ല സ്വന്തമാക്കുകയായിരുന്നു.

ഗുരുവായൂര്‍ കണ്ടാണിശ്ശേരിയിലുള്ള വീട്ടില്‍ 2010 നവംബറോടെ ഇവര്‍ കുടുംബ സമേതം താമസത്തിനെത്തി. രണ്ടു ദിവസം കഴിഞ്ഞതോടെ കഥയാകെ മാറി. വീട്ടിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കപ്പെട്ടു. പഞ്ചായത്തില്‍ പരാതിപ്പെട്ടെങ്കിലും റോഡ് വികസനത്തിനായുള്ള സ്ഥലത്താണ് വീടെന്നും ആയതിനാല്‍ വീട്ടുനമ്പര്‍ പോലും ലഭിക്കില്ലെന്നുമായിരുന്നു മറുപടി. നീണ്ട നിയമ പോരാട്ടത്തൂടെ നേടിയെടുത്ത വീട്ടില്‍ ഒന്ന് അന്തിയുറങ്ങാനുള്ള നെട്ടോട്ടത്തിലായിരുന്നു പിന്നീട് തങ്കമ്മയും മക്കളും. ഒടുവിലാണ് ഇവര്‍ വനിതാ കമ്മീഷനെ സമീപിച്ചത്. പരാതി പരിഗണിച്ച കമ്മീഷന്‍ കേസ് തുടരന്വേഷണത്തിന് വിട്ടു.

റിയാലിറ്റി ഷോയില്‍ ലഭിച്ച വില്ല ലഭിച്ചില്ലെന്ന് കാണിച്ച് 2010 ഫെബ്രുവരി 18നാണ് തങ്കമ്മയും കുടുംബവും എറണാകുളം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു. എന്നാല്‍ ഇവരുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ തമസ്‌കരിച്ചത് വലിയ വാര്‍ത്തയായി.

2008ലാണ് കൈരളി എല്ലാരും പാടണ് എന്ന റിയാലിറ്റി ഷോ നടത്തിയത്. ഇതില്‍ തങ്കമ്മയും കുടുംബവും ഒന്നാം സമ്മാനം നേടി. മക്കളില്‍ ഒരാണു നാലു പെണ്ണും. 35 ലക്ഷം രൂപ വിലവരുന്ന വില്ലയായിരുന്നു ഒന്നാം സമ്മാനം. സാമ്പത്തികമായി അധോഗതിയിലായിട്ടും റിയാലിറ്റി ഷോയിലെ വസ്ത്രത്തിനും പരിപാടിക്ക് എത്താനുള്ള വണ്ടിക്കൂലിക്കുമൊക്കെ കടംവാങ്ങിയാണ് ഇവര്‍ പങ്കെടുത്തത്.

സമ്മാനം ലഭിച്ചാല്‍ എല്ലാത്തിനും പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ. ഗുരുവായൂരിനടുത്ത് കണ്ടാണിശേരിയിലെ ശാന്തിമഠം ഗ്രീന്‍ സിറ്റിയില്‍ 1571 അടി വിസ്തീര്‍ണവും മൂന്നുകിടപ്പുമുറികളുമുള്ള വില്ല നല്‍കുമെന്ന് , സമ്മാനാര്‍ഹരായപ്പോള്‍ ശാന്തിമഠം ഉടമ ഡോ.രാധാകൃഷ്ണന്‍ തങ്കമ്മയുടെ പേരില്‍ കരാര്‍ എഴുതിക്കൊടുത്തു. വില്ലയ്ക്കു പുറമേ തമിഴ്‌നാട്ടില്‍ ഒരേക്കര്‍ സ്ഥലവും കരാറിലുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കണ്ടാണശേരിയില്‍ അഞ്ചു സെന്റ് സ്ഥലം ഇഷ്ടദാനമായി എഴുതിക്കൊടുത്തു.  വില്ലയുടെ താക്കോല്‍ തരാമെന്നു പറഞ്ഞെങ്കിലും യേശുദാസിന്റെ സാന്നിധ്യത്തില്‍ നടന്ന ഒരു ചടങ്ങില്‍ തെര്‍മക്കോള്‍ കൊണ്ടുനിര്‍മിച്ച താക്കോലും വില്ലയുടെ രൂപവും മാത്രമാണു നല്‍കിയത്.

കാത്തിരുന്നു മടുത്തപ്പോള്‍ കൈരളിക്കും ശാന്തിമഠത്തിനും വക്കീല്‍നോട്ടീസ് അയച്ചു. അങ്ങനെയൊരു ടീം റിയാലിറ്റി ഷോയില്‍ പങ്കെടുത്തേയില്ല എന്നായിരുന്നു കൈരളിയുടെ മറുപടി. വില്ല കൊടത്തെന്ന് ശാന്തിമഠവും പറഞ്ഞു. എന്നാല്‍ വക്കീല്‍ നേരിട്ടു വിളിച്ചപ്പോള്‍, വില്ല റെഡിയാണ് കൊടുക്കാമെന്നാണ് ശാന്തിമഠം അഭിഭാഷകന്‍ മറുപടി പറഞ്ഞത്. പിന്നീട് ഒരു മറുപടിയുമുണ്ടായില്ലായിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായപ്പോള്‍ വില്ല നല്‍കാന്‍ തയ്യാറായി. ഈ വില്ലയിലാണ് ഇപ്പോള്‍ ഇവര്‍ത്ത് താമസിക്കാന്‍ പറ്റാതായിരിക്കുന്നത്.

Malayalam news

Kerala news in English