തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചതിന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് മാപ്പപേക്ഷിച്ചു. വാര്‍ത്താ സമ്മേളനം നടത്തിയതിനെതിരെ കമ്മീഷന്‍ വിശദീകരണം ചോദിച്ചതിനെ തുടര്‍ന്നാണ് നടപടി. വിഷയം ചട്ടലംഘനമാണെന്ന് ബോധ്യപ്പെട്ടതായി തങ്കച്ചന്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അങ്ങിനെ പറഞ്ഞുപോയതാണെന്നും വിശദീകരണത്തില്‍ പറയുന്നു.

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പത്രിക വിശദീകരിച്ചു കൊണ്ടുള്ള തങ്കച്ചന്റെ വാര്‍ത്താസമ്മേളനം നടന്നതു പ്രതിപക്ഷ നേതാവിന്റെ വസതിയിലായിരുന്നു. ഇതു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു കമ്മീഷന് പരാതിയെത്തിയത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ സര്‍ക്കാരിന്റെ ഒരു സംവിധാനവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമമുണ്ട്. ഈ നിയമത്തിന്റെ പരിധിയില്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയും ഉള്‍പ്പെടും.