പന്തളം: ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവുമായി ഘോഷയാത്ര പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടു. പന്തളം വലിയതമ്പുരാന്റെ പ്രതിനിധിയായി പൂരുട്ടാതിനാള്‍ വേണുഗോപാലവര്‍മ്മരാജയാണ് ഘോഷയാത്ര നയിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 24 അംഗസംഘം തിരുവാഭരണങ്ങളുമായി വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടത്. രാവിലെ പന്തളം കൊട്ടാരത്തില്‍ നിന്ന് ക്ഷേത്രത്തിലെത്തിച്ച തിരുവാഭരണങ്ങളില്‍ വണങ്ങാന്‍ ആയിരക്കണക്കിന് ഭക്തര്‍ ധര്‍മശാസ്താക്ഷേത്രത്തിലെത്തിയിരുന്നു.

പന്തളത്തുനിന്ന് പരമ്പരാഗതപാതയിലൂടെ കാല്‍നടയായി തിരിച്ച യാത്രാസംഘം ഇന്ന് അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലും നാളെ ളാഹ വനംവകുപ്പ് സത്രത്തിലും വിശ്രമിക്കും. വ്യാഴാഴ്ച വൈകീട്ട്് സംഘം ശബരിമലയിലെത്തിച്ചേരും.