എഡിറ്റര്‍
എഡിറ്റര്‍
മികച്ച വ്യാവസായിക റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം തനേഷ് തമ്പിക്ക്
എഡിറ്റര്‍
Thursday 29th March 2012 11:57am

തിരുവനന്തപുരം: 2011ല്‍ സംസ്ഥാന വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച മാധ്യമ റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരത്തിന് മംഗളം ദിനപത്രത്തിലെ തിരുവനന്തപുരം സ്റ്റാഫ് ലേഖകന്‍ തനേഷ് തമ്പി അര്‍ഹനായി. കാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, ഫലകം എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം.

എറ്റവും മികച്ച പൊതുമേഖലാസ്ഥാപനത്തിനുള്ള പുരസ്‌കാരം ചവറ കെ.എം.എം.എല്ലിനാണ്. ഏറ്റവും മികച്ച കോര്‍പറേറ്റ് ലീഡറായി അങ്കമാലി ടെല്‍ക്കിന്റെ മുന്‍ എം.ഡി എസ്.വെങ്കിടേശ്വരനെ തെരഞ്ഞെടുത്തു. മികച്ച പ്രകടനം നടത്തിയതിന് തൃശൂര്‍ എസ്.ഐ.എഫ്.എല്‍, കണ്ണൂര്‍ കേരള ക്ലേയ്‌സ് ആന്റ് സെറാമിക്‌സ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രത്യേക പുരസ്‌കാരം നേടി.

സിഡ്‌കോ എം.ഡി സജി ബഷീറിന് കോര്‍പറേറ്റ് ലീഡറായി നടത്തിയ പ്രവര്‍ത്തനം മുന്‍നിര്‍ത്തി പ്രത്യേക അവാര്‍ഡ് നല്‍കും. അവാര്‍ഡുകളുടെ വിതരണം മാര്‍ച്ച് 29 ന് രാവിലെ 10 ന് മസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ ധനകാര്യവകുപ്പുമന്ത്രി കെ.എം.മാണി വിതരണം ചെയ്യും. ചടങ്ങില്‍ വ്യവസായ-ഐ.ടി-നഗരകാര്യവകുപ്പുമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും.

വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരന്‍, ധനകാര്യവകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.പി.ജോയി, വ്യവസായവകുപ്പു സെക്രട്ടറി അല്‍കേഷ്‌കുമാര്‍ ശര്‍മ, വ്യവസായവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, എസ്.ബി.ഐ ജനറല്‍ മാനേജര്‍ അരുണ്‍കുമാര്‍ അഗര്‍വാള്‍, തിരുവനന്തപുരം ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ഇ.എം.നജീബ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Advertisement