ചെന്നൈ: തമിഴ്‌നാട് തീരത്ത് വീശുന്ന താനെ ചുഴലിക്കാറ്റില്‍ ചെന്നൈയിലും നാഗപട്ടണത്തും കടലൂരിലുമായി 33 പേര്‍ മരിച്ചു.
കടലൂരില്‍ 21 പേരും പുതുച്ചേരിയില്‍ ഏഴുപേരും വിഴുപ്പുരത്തും തിരുവള്ളൂരിലും രണ്ടുപേര്‍ വീതവും ചെന്നൈയില്‍ ഒരാളുമാണ് മരിച്ചത്. മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി വൈസ് ചെയര്‍മാന്‍ ശശിധര്‍ റെഡ്ഢി പറഞ്ഞു.

ഇന്നലെ  രാവിലെ ഏഴു മണിയോടെ മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗത്തിലാണ് കാറ്റ് തമിഴ്‌നാടിന്റെ വടക്കന്‍ തീരത്തെത്തിയത്. കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായിരുന്നു കൊടുംങ്കാറ്റ് വീശിയടിച്ചിരുന്നത്.

ചെന്നൈയിലും പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. കനത്ത ചുഴലിക്കാറ്റില്‍ നിരവധി കുടിലുകള്‍ ഒലിച്ചു പോയിട്ടുണ്ട്. റോഡ് ഗതാഗതവും വൈദ്യൂതി ബന്ധവും താറുമാറായി. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളെ തീരദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

പുതുച്ചേരി , നാഗപട്ടണം മേഖലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. മണിക്കൂറില്‍ 140 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തമിഴ്‌നാടിന്റെ തീരദേശ ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി നല്‍കി.

Kerala News in English