Categories

Headlines

തന്റേടം ജെന്‍ഡര്‍ഫെസ്റ്റ് തട്ടിപ്പെന്ന് അന്വേഷി: പോസ്റ്ററിനും നടത്തിപ്പിനുമെതിരെ വനിതാസംഘടനകള്‍

കോഴിക്കോട്: തന്റേടം ജെന്‍ഡര്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട പോസ്റ്ററും ബ്രോഷറും നടത്തിപ്പും വിവാദമാകുന്നു. സ്ത്രീത്വം ആഘോഷിക്കുക എന്ന തലവാചകത്തോടെ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ചിട്ടുള്ള സിനിമാ താരം ജ്യോതിര്‍മയിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ക്കെതിരെ വനിതാ സംഘടനകള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

സ്ത്രീകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്ന ഒരു പരിപാടിക്ക് ജ്വല്ലറികളുടെയും വസ്ത്രശാലകളുടെയും പരസ്യം പോലെയുള്ള പോസ്റ്ററുകളാണ് ചെയ്തതെന്നാണ് ആക്ഷേപം. സംഭവും വിവാദമായതോടെ സംഘാടക സമിതിയിലു ഇതു സംബന്ധിച്ച അഭിപ്രായ വ്യത്യാസം രൂക്ഷമായിട്ടുണ്ട്. വനിതാ സംഘടനകളും മറ്റും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പരിപാടി ബഹിഷ്‌കരിക്കുമെന്ന് അന്വേഷി അറിയിച്ചു.

അന്താരാഷ്ട്ര സ്ത്രീദിനമായ മാര്‍ച്ച് എട്ടിനാണ് കോഴിക്കോട് സ്ത്രീകള്‍ക്കായി ജെന്‍ഡര്‍ ഫെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പോസ്റ്റര്‍ വിവാദമായതോടെ പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് സംഘാടക സമിതിയും പരിപാടിയുടെ നോഡല്‍ ഏജന്‍സിയായ സി.ഡിറ്റും നടത്തുന്നത്. സംഘാടക സമിതിയോട് ആലോചിക്കാതെയാണ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ ഇംബ്രിസാരിയോ പോസ്റ്റര്‍ തയ്യാറാക്കിയതെന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ. നൂര്‍ബിന റഷീദ് ആരോപിച്ചു. പ്രചാരണത്തിന് തയ്യാറാക്കിയ സിഡിയുടെ പ്രിവ്യൂ തങ്ങള്‍ കണ്ടില്ല. ഇക്കാര്യങ്ങളെല്ലാം തയ്യാറാക്കിയ നോഡല്‍ ഏജന്‍സിയായ സി-ഡിറ്റാണ് പാരിപാടിയുടെ നടത്തിപ്പ് മാത്രമാണ് തങ്ങളുടെ ചുമതല. മറ്റ് കാര്യങ്ങള്‍ ഒന്നും അറിയില്ലെന്നും നൂര്‍ബിന പറഞ്ഞു.

എന്നാല്‍ ഇതിന് വിരുദ്ധമായ വിശദീകരണമാണ് സി-ഡിറ്റ് നല്‍കിയത്. സംഘാടക സമിതി ഭാരവാഹികള്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് പരിപാടിയുടെ പ്രചാരണവും മറ്റും സംബന്ധിച്ച തീരുമാനം എടുത്തതെന്ന് സി-ഡിറ്റ് അധികൃതര്‍ പറഞ്ഞു. ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയിലാണ് സിനിമാതാരം ജ്യോതിര്‍മയിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിനിമാ താരം ബ്രാന്‍ഡ് അംബാസഡറായാല്‍ എന്താണ് കുഴപ്പമെന്നും സി-ഡിറ്റ് അധികൃതര്‍ ചോദിച്ചു.

സ്ത്രീകളുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പാണ് ജെന്‍ഡര്‍ ഫെസ്റ്റ്‌കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അന്വേഷി പ്രസിഡന്റ് അജിത പറഞ്ഞു. തന്റേടം ജെന്‍ഡര്‍ പാര്‍ക്ക് സംസ്ഥാന സാമൂഹികക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഒരു സ്വതന്ത്ര സ്ഥാപനമായിരിക്കുമെന്നും സ്ത്രീകളായിരിക്കും  അതിന്റെ ആസൂത്രണവും നടത്തിപ്പും മേല്‍നോട്ടം വഹിക്കുകയെന്നുമാണ് പരിപാടിയുടെ പോയിന്റ് നോട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജെന്‍ഡര്‍ ഫെസ്റ്റിന്റെ ബ്രോഷറില്‍ ഈ ഭാഗം സ്വതന്ത്രമെന്നും സ്ത്രീകളുടെ പങ്ക് എന്ന് പറയുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയതായും അവര്‍ പറഞ്ഞു.

സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്യാനാണ് നീക്കം. പദ്ധതിയുടെ അന്ത:സത്ത ചോര്‍ത്തി അങ്ങേയറ്റം സ്ത്രീ വിരുദ്ധമായാണ് ഇപ്പോള്‍ പരിപാടി നടത്താന്‍ പോകുന്നതെന്നും അന്വേഷി കുറ്റപ്പെടുത്തി.

പരിപാടിയുടെ നടത്തിപ്പിന് ജനകീയ കമ്മിറ്റിയുണ്ട്. എന്നാല്‍ ഈ കമ്മറ്റിയെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇംബ്രിസാരിയോയെ പരിപാടികള്‍ നടത്താന്‍ ചുമതലപ്പെടുത്തിയത്.

50 ലക്ഷം രൂപയാണ് നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെങ്കിലും ഇതില്‍ 30 ലക്ഷം രൂപയോളം പരസ്യപ്രചാരണത്തിനെന്ന പേരില്‍ ഇതിനകം വിനിയോഗിച്ചുകഴിഞ്ഞതായാണ് വിവരം.