ചെന്നൈ: ശ്രീലങ്കന്‍ സൈനികര്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കുന്നതിനെതിരെ തമിഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. സൈനികര്‍ക്ക് പരിശീലനം നല്‍കരുതെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയതില്‍ കടുത്ത പ്രതിഷേധമാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളത്. തമിഴ്‌നാടിനെ മുറിപ്പെടുത്തുന്ന തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധമുണ്ടാകുമെന്ന് ഡി.എം.കെ നേതാവ് കരുണാനിധി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാറിന്റെ നിലപാട് മാറ്റിയില്ലെങ്കില്‍ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അറിയിച്ചിട്ടുണ്ട്.

Ads By Google


തമിഴ്‌നാട്ടിലെ  മത്സ്യത്തൊഴിലാളികളെ പീഡിപ്പിച്ച ശ്രീലങ്കന്‍ സൈനികര്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കുന്നത് ഒരു കര്‍ത്തവ്യം പോലെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ജയലളിത ആരോപിച്ചിരുന്നു. ഇത് തമിഴ് വംശജരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവര്‍ പറഞ്ഞിരുന്നു.

രണ്ട് ശ്രീലങ്കന്‍ സൈനികര്‍ക്ക് തമിഴ്‌നാട്ടിലെ വെല്ലിങ്ടണിലെ ഡിഫന്‍സ് അക്കാദമിയില്‍ നല്‍കിവരുന്ന പരിശീലനം ഉടന്‍ നിര്‍ത്തിവെച്ച് സൈനികരെ ശ്രീലങ്കയിലേക്ക് തിരച്ചയക്കണമെന്ന് താന്‍ നേരത്തേ ആവശ്യപ്പെട്ടതാണെന്ന് കാണിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ജയലളിത ഇന്നലെ കത്തയിച്ചിരുന്നു.

എന്നാല്‍ തമിഴ്‌നാടിന്റെ ആവശ്യം അനുഭാവപൂര്‍ണം പരിഗണിക്കാതെ പരിശീലനം തുടരുമെന്ന കേന്ദ്രമന്ത്രി പള്ളം രാജുവിന്റെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തിയെന്നും ജയലളിത പറയുന്നു. സംസ്ഥാന സര്‍ക്കാറുകളോട് എത്രമാത്രം നിസ്സംഗമായാണ് കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്നതെന്നതിനുള്ള തെളിവാണെന്നും ജയലളിത ചൂണ്ടിക്കാട്ടി.

സൈനികര്‍ക്ക് രാജ്യത്തെ പ്രതിരോധ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കുന്നത് തുടരുമെന്നാണ് കേന്ദ്ര പ്രതിരോധവകുപ്പ് സഹമന്ത്രി എം.എം. പള്ളം രാജു പറഞ്ഞത്. ഇന്ത്യയുടെ സൗഹൃദ രാഷ്ട്രമാണ് ശ്രീലങ്കയെന്നും ലങ്കന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുന്നത്  തുടരുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.

തമിഴ്‌നാട്ടിലെ വെല്ലിങ്ടണിലും ബാംഗ്ലൂരിലുമാണ്‌ ശ്രീലങ്കന്‍ സൈനികര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പരിശീലനം നല്‍കുന്നത്.