എഡിറ്റര്‍
എഡിറ്റര്‍
പാക് ചാരനെന്ന് കരുതുന്നയാള്‍ പിടിയില്‍
എഡിറ്റര്‍
Tuesday 18th September 2012 9:47am

ചെന്നൈ: പാക്കിസ്ഥാന്‍ ചാരനെന്ന് സംശയിക്കുന്ന യുവാവ് തമിഴ്‌നാട്ടില്‍ അറസ്റ്റിലായി. പാക് രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് തന്ത്രപ്രധാന പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്.

Ads By Google

തഞ്ചാവൂര്‍ ജില്ലക്കാരനായ തമീന്‍ അന്‍സാരിയെയാണ് തൃശ്‌നാപ്പള്ളിയില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് അവരുടെ കൊളംബോയിലെ ഹൈക്കമ്മീഷന്‍ മുഖേന ഇയാള്‍ പ്രതിരോധ വിവരങ്ങള്‍ കൈമാറിയതായാണ് പോലീസ് നല്‍കുന്ന സൂചന.

പച്ചക്കറി കയറ്റുമതിക്കാരനെന്ന ലേബലില്‍ ഇയാള്‍ പതിവായി ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. വിസാഗിലെ ആണവ അന്തര്‍വാഹിനി, കാരക്കല്‍ ഉള്‍പ്പടെയുള്ള തുറമുഖങ്ങള്‍, ഒപ്പം ചില നാവികവിന്യാസങ്ങള്‍ ഇവയുടെയൊക്കെ ചിത്രങ്ങള്‍ പകര്‍ത്തി നല്‍കാനാണ് ഇയാള്‍ക്ക് ലഭിച്ചിരുന്ന നിര്‍ദേശമെന്ന് പോലീസ് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ നാവിക സേനയുടെ ആണവവാഹിനി മുങ്ങിക്കപ്പലുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താനാണ് ഇയാള്‍ ശ്രമിച്ചതെന്ന് അധികൃതര്‍ പറയുന്നു.

വില്ലിങ്ടണിലെ സൈനിക പരിശീലന കേന്ദ്രത്തിന്റെയും നാവികസേനാ കേന്ദ്രങ്ങളുടെയും ചിത്രങ്ങള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയതായും അധികൃതര്‍ വെളിപ്പെടുത്തി. ഏറെക്കാലം നിരീക്ഷിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഐ.ജി അബാഷ് കുമാര്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ അന്‍സാരിയെ അടുത്തമാസം ഒന്നുവരെ റിമാന്‍ഡ് ചെയ്തു.

Advertisement