vs-achudthanadan1

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനു വേണ്ടിയുള്ള സര്‍വ്വെ തടസ്സപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് തമിഴ്‌നാടിനെ പിന്തിരിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. സര്‍വേക്ക് അനുമതി നല്‍കിയ കേന്ദ്രമന്ത്രി ജയറാം രമേശിനെ ഒറ്റപ്പെടുത്താനാണ് തമിഴ്‌നാട് ശ്രമിക്കുന്നത്. തമിഴ്‌നാട് അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത്. ഇതു കേട്ട് കേന്ദ്രസര്‍ക്കാര്‍ സ്വന്തം കര്‍ത്തവ്യങ്ങളില്‍ നിന്നു പുറകോട്ടു പോകരുത്.

സര്‍വേക്ക് അനുമതി നല്‍കിയ ജയറാം രമേശിന്റെ നടപടി സ്വാഗതാര്‍ഹമാണ്. വിശദമായ പഠനത്തിനു ശേഷമാണ് അദ്ദേഹം തീരുമാനമെടുത്തത്. വര്‍ഷങ്ങളായി ഒരു പൈസ പോലും ഈടാക്കാതെ തമിഴ്‌നാടിനു വെള്ളം നല്‍കുന്ന സംസ്ഥാനമാണു കേരളം. ഇപ്പോള്‍ 40 ലക്ഷം ജനങ്ങളുടെ ജീവനു ഭീഷണിയായാണ് ഡാം നിലനില്‍ക്കുന്നത്. ഇക്കാര്യം തമിഴ്‌നാടിനും വ്യക്തമായതാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഡാമാണ് മുല്ലപ്പെരിയാറിലേത്. അതുകൊണ്ടുതന്നെ ഇതിന്റെ സുരക്ഷയില്‍ കേരളത്തിനു കടുത്ത ആശങ്കയുണ്ട്.

കേരളവുമായുള്ള സൗഹൃദബന്ധം ഉലക്കാതിരിക്കാന്‍ തമിഴ്‌നാട് ശ്രമിക്കണം. ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയോടുള്ള അപേക്ഷ. തമിഴ്‌നാടിന് ഇനിയും വെള്ളം നല്‍കാന്‍ കേരളം തയ്യാറാണ്. എന്നാലത് ലക്ഷക്കണക്കിനു ആളുകളുടെ ജീവന്‍ പണയപ്പെടുത്തിയാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു