എഡിറ്റര്‍
എഡിറ്റര്‍
താമരശ്ശേരി വനംവകുപ്പ് ഓഫീസിന് തീയിട്ടതില്‍ വൈദികനും പങ്കെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Friday 29th November 2013 11:40am

thamarassery-fire

കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് താമരശ്ശേരിയില്‍ ഉണ്ടായ അക്രമസമരത്തിനിടെ വനംവകുപ്പ് ഓഫീസിന് തീയിട്ട സംഭവത്തില്‍ വൈദികനും പങ്കെന്ന് റിപ്പോര്‍ട്ട്.

ചെമ്പുകടവ് പള്ളി വികാരി സജി മാമംഗലിനും ഒരു പഞ്ചായത്തംഗത്തിന്റേയും പേരാണ് വനംവകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിനും സര്‍ക്കാരിനും സമര്‍പ്പിച്ചു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ആസൂത്രിതമായ രീതിയിലായിരുന്നു ആക്രമണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഹര്‍ത്താലിന്റെ ഭാഗമായിട്ടായിരുന്നു വനംവകുപ്പ് ഓഫീസിന് തീയിട്ടത്. വനംവകുപ്പ് ഓഫീസിലെ വളരെ നിര്‍ണായകമായ രേഖകള്‍ തീവെപ്പില്‍ നശിച്ചിരുന്നു.

മലയോര ഹര്‍ത്താലിന്റെ മറവില്‍ താമരശ്ശേരി വനം റേഞ്ച്ഓഫീസ് ആക്രമിക്കുകയും തീയിടുകയും ചെയ്ത സംഭവത്തില്‍ 200ഓളം പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

ഈ മാസം 17നാണ് താമരശേരി റേഞ്ച് ഓഫീസ് അക്രമികള്‍ തീയിട്ടു നശിപ്പിച്ചത്. ജീവനക്കാരുടെ സര്‍വീസ് രേഖകള്‍ ഉള്‍പെടെ അക്രമികള്‍ നശിപ്പിക്കുകയായിരുന്നു.

അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മൊഴിയെടുത്തത്. ഓഫീസിലെ രേഖകളെല്ലാം നശിപ്പിക്കുക എന്നുലക്ഷ്യം വച്ചാണ് അക്രമം ഉണ്ടായതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.

മുന്‍കൂട്ടി അറിഞ്ഞ അക്രമ സാധ്യത തടയാന്‍ മാര്‍ഗമുണ്ടായിട്ടും ഉന്നതര്‍ ചെയ്തില്ല. അനധികൃത ക്വാറി മാഫിയകളെ പറ്റിയുള്ള പരാതിയും, അതിന്റെ അന്വേഷണ റിപ്പോര്‍ട്ടും ചന്ദനകള്ളകടത്തുകാരെ കുറിച്ചുള്ള വിവരങ്ങളുമെല്ലാം കത്തിച്ചാന്പലായവയില്‍ പെടും.

ഇതുതന്നെയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നു ശരിവയ്ക്കുന്ന മൊഴികളും തെളിവുകളുമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ നടന്ന മലയോര ഹര്‍ത്താലിന്റെ മറവില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപകമായി അക്രമം നടന്നിരുന്നു. കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു.

വനം വകുപ്പിന്റെ കൊട്ടിയൂര്‍, താമരശ്ശേരി, വയനാട് റേഞ്ച് ഓഫീസുകള്‍ക്ക് നേരെയായിരുന്നു പ്രധാന ആക്രമണം. കസ്തുരിരംഗന്‍ റിപ്പോര്‍ട്ട് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് വനം, ക്വാറി മാഫിയകളെയാണ്. ഇവരാണ് ഹര്‍ത്താലിന്റെ മറവില്‍ ആളുകളെ ഇറക്കി അക്രമം അഴിച്ചു വിട്ടത്.

Advertisement