Categories

താമരശ്ശേരിയില്‍ ബാര്‍ കത്തിച്ചു: 5പേര്‍ അറസ്റ്റില്‍

fire-of-vehicle

കോഴിക്കോട്: താമരശ്ശേരിയില്‍ വീണ്ടും അക്രമം. അടിവാരത്തിന് സമീപം കാരാടിയില്‍ പ്രവര്‍ത്തിക്കുന്ന അരമന ബാറിന് അക്രമികള്‍ തീയിട്ടു.

സംഭവത്തില്‍ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

പൊള്ളലേറ്റ ബാര്‍ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെയാണ് ബാറിന് തീയിട്ടത്. ബാറിനെതിരെ ഇവിടെ സമരം നടന്ന് വരികയായിരുന്നു.

ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന നാല് ബൈക്കുകളും അഗ്നിക്കിരയാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം താമരശ്ശേരി അടിവാരത്തുണ്ടായ അക്രമം ആസൂത്രിതമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി. മണല്‍-കരിങ്കല്‍ മാഫിയ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം.

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും റൂറല്‍ എസ്.പിയെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. മാധ്യമങ്ങളുടെ വാഹനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു. സ്വകാര്യ വാഹനങ്ങളെ അക്രമത്തില്‍ നിന്നൊഴിവാക്കി. ഇതെല്ലാം ഗൂഢാലോചനയെ സൂചിപ്പിക്കുന്നു.

എല്ലായിടത്തും അക്രമി സംഘം ടിപ്പര്‍ ലോറികളിലാണ് എത്തിയെന്നതും വ്യക്തമായ ആസൂത്രണത്തെയാണ് സൂചിപ്പിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ അടിവാരത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 1500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tagged with: