എഡിറ്റര്‍
എഡിറ്റര്‍
അടിവാരം അക്രമം: 1500 പേര്‍ക്കെതിരെ കേസ്
എഡിറ്റര്‍
Saturday 16th November 2013 8:59am

kozhikkode

കോഴിക്കോട്: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ഇന്നലെ താമരശ്ശേരി അടിവാരത്തിലുണ്ടായ അക്രസംഭവങ്ങളുമായി ബന്ധപ്പെട്ട് 1500 പേര്‍ക്കെതിരെ കേസെടുത്തു.

ആകെ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

11 ടിപ്പര്‍ ലോറികളും ഒരു ജീപ്പും ഉള്‍പ്പെടെ അക്രമികള്‍ എത്തിയ 12 വാഹനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വാഹനങ്ങളുടെ ഉടമകളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാനത്ത് പരക്കെ അക്രമമുണ്ടായിരുന്നു. ഒട്ടേറെ സര്‍ക്കാര്‍ ഓഫീസുകളും വാഹനങ്ങളും അക്രമികള്‍ തീവെച്ച് നശിപ്പിത്തു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സ്ഥാപനങ്ങള്‍ക്ക് നേരെയും അതിക്രമങ്ങളുണ്ടായി.

പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ദിവസം  വിജ്ഞാപനമിറക്കിയിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ നടന്ന ഹര്‍ത്താലിനിടെയാണ് അടിവാരത്ത് വ്യാപക അക്രമം പൊട്ടിപുറപ്പെട്ടത്. അടിവാരത്ത് തമ്പടിച്ച നാട്ടുകാര്‍ കനത്ത അക്രമം അഴിച്ച് വിടുകയായിരുന്നു.

കലാപം നിയന്ത്രിക്കാനെത്തിയ എസ്.പി, ഡി.വൈ.എസ്.പി, റൂറല്‍ എസ്.പി എന്നിവര്‍ക്കെതിരെ സമരാനുകൂലികള്‍ കല്ലെറിഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം സമരക്കാര്‍ തടഞ്ഞ് വച്ചു തകര്‍ത്തു.

തുടര്‍ന്ന് അക്രമം അഴിച്ചു വിട്ട ഹര്‍ത്താലനുകൂലികളെ പിരിച്ചുവിടാനായി പോലീസ് എട്ട് റൗണ്ട് ആകാശത്തേക്ക് വെടിവെച്ചു. ഇതിനായി പോലീസ് ഗ്രനേഡും പ്രയോഗിച്ചതായാണ് സൂചന.

സംഘര്‍ഷത്തില്‍ നാട്ടുകാരും പോലീസുകാരും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ബന്ദിയാക്കിയിരുന്നു. തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന്റേതുള്‍പ്പെടെ 14 വാഹനങ്ങള്‍ തകര്‍ത്തു.

അതിനിടെ ഇടുക്കി ജില്ലയില്‍ അനിശ്ചിതകാല ഉപരോധ സമരം ആരംഭിക്കാന്‍ ഹൈറേഞ്ച് സംരക്ഷണ സമിതി തീരുമാനിച്ചു. തിങ്കളാഴ്ച മുതല്‍ പവര്‍ഹൗസും സ്‌കൂളുകളും ഉള്‍പ്പെടെയുള്ളവ പ്രതിരോധിക്കും.

തിങ്കളാഴ്ച സംസ്ഥാനതലത്തില്‍ ഹര്‍ത്താലിന് ഇടതുമുന്നണി ആഹ്വാനം ചെയ്തിട്ടുണ്ട്.

Advertisement