ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആവേശത്തിലാണ് തെന്നിന്ത്യന്‍ നടി തമന്ന. ശ്രീദേവിയും ജിതേന്ദ്രയും ഒന്നിച്ച് 1983ല്‍ പുറത്തിറങ്ങിയ ‘ഹിമ്മത്‌വാല’ എന്ന ചിത്രത്തിന്റെ റീമേക്കിലൂടെയാണ് തമന്ന ബോളിവുഡിലെത്തുന്നത്.

ശ്രീദേവി അനശ്വരമാക്കിയ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നത് ഏറെ ശ്രമകരമായ ദൗത്യമാണെന്ന് തമന്ന പറഞ്ഞു. ആദ്യത്തെ ബോളിവുഡ് ചിത്രമായതിനാല്‍ തന്റെ ഉത്തരവാദിത്തം വളരെ വലുതാണെന്നും തമന്ന പറഞ്ഞു.

സാജിദ് ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഹിമ്മത്‌വാലയിലെ നൈനോ മേ സപ്‌ന എന്ന ഗാനവും റീമേക്ക് ചെയ്യുന്നുണ്ട്. ബോളിവുഡിലെ പ്രശസ്ത കോറിയോഗ്രാഫര്‍ ഫറാ ഖാനാണ് ഈ ഗാനത്തിന് പുതുമുഖം നല്‍കുന്നത്.

ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് ശ്രീദേവിയെ നേരിട്ടു കണ്ട് കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കുമെന്നും തമന്ന പറഞ്ഞു.  അതേസമയം രണ്‍ബീര്‍ കപൂറുമൊത്ത് ഒരു ചിത്രം ചെയ്യാന്‍ കരാറൊപ്പിട്ടുവെന്ന റിപ്പോര്‍ട്ടുകളും തമന്ന നിഷേധിച്ചു.