തിരുവനന്തപുരം: തലേക്കുന്നില്‍ ബഷീറിന് കെ.പി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല. നിലവിലെ പ്രസിഡന്റ് രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് ബഷീറിന് ചുമതല നല്‍കിയത്. നിലവില്‍ കെ.പി.സി.സി വൈസ്പ്രസിഡന്റാണ് ബഷീര്‍.

തലേക്കുന്നിലിന് താല്‍ക്കാലിക ചുമതല നല്‍കുന്നതിലൂടെ രണ്ട് ലക്ഷ്യങ്ങളാണ് കെ.പി.സി.സി മുന്നില്‍ക്കാണുന്നത്. ഒന്ന് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ മുസ്‌ലിം സമുദായത്തിന് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കെ സമുദായത്തിന്റെ രോഷം തണുപ്പിക്കുക. മറ്റൊന്ന് കെ.പി.സി.സി പ്രസിഡന്റ്് ഉള്‍പ്പെടെ എല്ലാ നേതാക്കളും മത്സരത്തിനിറങ്ങിയ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് നാഥനില്ലാത്ത അവസ്ഥ ഒഴിവാക്കുക.

തലേക്കുന്നില്‍ ബഷീറിന് താല്‍ക്കാലിക ചുമതല നല്‍കി തിരഞ്ഞെടുപ്പില്‍ മുസ്‌ലിം സംഘടനകളുടെ രോഷം പകുതി തണയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. സീറ്റുകള്‍ ഉറപ്പിച്ച എം.എം ഹസ്സനും ടി സിദ്ധീഖും അവഗണിക്കപ്പെട്ടത്് ചില നേതാക്കളുടെ ചരടുവലികള്‍ കാരണമാണെന്ന് പരാതിയുണ്ടായിരുന്നു. ബഷീറിന് ഇപ്പോള്‍ ചുമതല നല്‍കി തിരഞ്ഞെടുപ്പിന് ശേഷം മാറ്റിയാലും പ്രശ്‌നമില്ലെന്നാണ് പാര്‍ട്ടി കണക്കുകൂട്ടല്‍.