Administrator
Administrator
തലശ്ശേരി കലാപം: ഒ രാജഗോപാലിന്റെ നിലപാട് കാപട്യം-സി.പി.ഐ.എം
Administrator
Wednesday 30th September 2009 9:50am

o-rajgopalതിരുവനന്തപുരം: തലശ്ശേരി കലാപത്തിനുപിന്നില്‍ സി.പി.ഐ.എം ആയിരുന്നുവെന്ന ബി.ജെ.പി നേതാവ് ഒ രാജഗോപാലിന്റെ ആരോപണം ചരിത്രവസ്തുതകളെ നിഷേധിക്കുന്നതും കലാപത്തില്‍ ആര്‍.എസ്.എസ് ആക്രമണത്തിനും കഷ്ടനഷ്ടങ്ങള്‍ക്കുമിരയായ ജനങ്ങളോടുള്ള തികഞ്ഞ അവഹേളനവുമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.ഗാന്ധിജിക്കു നേരെ നിറയൊഴിച്ച ഗോഡ്‌സെയുടെ സംഘടനാ ബന്ധം പോലും പിന്നീട് നിഷേധിച്ച ആര്‍.എസ്.എസിന്റെ കാപട്യപൂര്‍ണ്ണമായ പാരമ്പര്യമാണ് തന്റെ പുസ്തകത്തിലൂടെ ഒ രാജഗോപാല്‍ തുടരുന്നതെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി.

കേരളത്തില്‍ കടന്നു കയറാന്‍ ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത ഒന്നായിരുന്നു തലശ്ശേരി കലാപം. സി.പി.ഐ.എം പ്രവര്‍ത്തകര്‍ ശക്തമായി രംഗത്തിറങ്ങിയതുകൊണ്ടാണ് ആ കലാപം ആളിപ്പടരാതിരുന്നത്. കലാപത്തിന് ശേഷം സ്വന്തം മുഖം രക്ഷപ്പെടുത്താന്‍ ഭാരതീയ ജനസംഘവും ആര്‍.എസ്.എസും, ഇതേ ആരോപണം ഉന്നയിച്ചതാണ്. ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മീഷന്‍ വിധി പറയുന്നതിന് മുമ്പ്, സി.പി.ഐ.എം ആണ് കലാപത്തിന് പിന്നിലെന്ന് മാര്‍ക്‌സിസ്റ്റ് വിരുദ്ധമുന്നണിയും അവരുടെ ഗവണ്‍മെന്റ് വക്താക്കളും ആരോപിച്ചു. എന്നാല്‍ മുസ്ലീം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്തു എന്നും പാര്‍ട്ടി നേതാക്കളാരും തന്നെ കലാപത്തില്‍ ഭാഗഭാക്കായില്ലെന്നും മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകര്‍ കൊടികെട്ടിയ കാറില്‍ സഞ്ചരിച്ച് കലാപം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു എന്നും കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു പാര്‍ട്ടിയും ചെയ്തിട്ടില്ലാത്ത കാര്യമാണ് സി.പി.ഐ.എം ചെയ്തത് എന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ രാജഗോപാലിന് നിഷേധിക്കാനാവുമോയെന്ന് സി.പി.ഐ.എം ചോദിച്ചു.

Advertisement