ക്വാലാലംപൂര്‍: തായ്‌ലാന്‍ഡിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ യിന്‍ഗ് ലുക്ക് ഷിനവാത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഞായറാഴ്ച രാവിലയോടെ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി ഗവണ്‍മെന്‍്‌റ് വക്താവ് തിത്തിമ ചെയ്‌സാന്‍ങാ ആണ് വെളിപ്പെടുത്തിയത്.

തായ് സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ എട്ടോളം സന്ദേശങ്ങളാണ് അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ പോസ്റ്റു ചെയ്തത്. സര്‍ക്കാരിന്റെ നയങ്ങളെ കുറ്റപ്പെടുത്തിയുള്ള സന്ദേശങ്ങളാണ് അധികവും. താങ്കളുടെ ട്വിറ്റര്‍ പേജ് പോലും സംരക്ഷിക്കാനാകുന്നില്ലെങ്കില്‍ പിന്നെങ്ങനെ രാജ്യത്തെ സംരക്ഷിക്കുമെന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്.

Subscribe Us:

ഹാക്കിംഗിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി മന്ത്രാലയം ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും ഗവണ്‍മെന്‍്‌റ് വക്താവ് തിത്തിമ ചെയ്‌സാന്‍ങാ വ്യക്തമാക്കി.

കഴിഞ്ഞ ജൂലെയിലാണ് തായ്‌ലാന്‍ഡിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി യിന്‍ഗ് ലുക്ക് ഷിനവാത്ര തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 2006 ല്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും പട്ടാളം സ്ഥാനഭ്രഷ്ടനാക്കിയ സഹോദരന്‍ താഷ്‌ക്കിന്‍ ഷിനവാത്രയുടെ കയ്യിലെ പാവയാണ് യിന്‍ഗ് ലുക്ക് എന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.