കോഴിക്കോട് വെടിവെയ്പ്പിന് താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലായിരുന്നുവെന്ന് തഹസില്‍ദാര്‍ പ്രേമരാജന്റെ റിപ്പോര്‍ട്ട്. വെടിവെയ്പ്പ് സമയത്ത് ഞാന്‍ സ്ഥലത്തുണ്ടായിരുന്നെന്നും പക്ഷേ ഞാനല്ല വെടിവെയ്ക്കാന്‍ ഉത്തരവിട്ടതെന്നും ഇന്ന് കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതല എനിക്കായിരുന്നില്ലെന്നും സ്‌പെഷ്യല്‍ ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ നരേന്ദ്രനായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇന്നലെ തഹസില്‍ദാര്‍ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇന്ന് റിപ്പോര്‍ട്ടില്‍ തഹസില്‍ദാര്‍ പ്രേമരാജന്‍ പറഞ്ഞിരിക്കുന്നത.് ഇതോടെ സര്‍ക്കാറിന്റെയും പോലീസിന്റെയും വാദങ്ങള്‍ പൊളിയുകയാണ്.

കോഴിക്കോട് വെസ്റ്റ്ഹില്‍ എഞ്ചിനീയറിംങ് കോളേജില്‍ പോലീസും എസ്.എഫ്.ഐ പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിനിടെ അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള 4 റൗണ്ട് വെടിവെക്കുകയായിരുന്നു.