എഡിറ്റര്‍
എഡിറ്റര്‍
താക്കറെയുടെ ഔദ്യോഗിക സംസ്‌കാരം: വിചിത്ര വിശദീകരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി
എഡിറ്റര്‍
Sunday 25th November 2012 12:28am

മുംബൈ: മണ്ണിന്റെ മക്കള്‍ വാദത്തിലൂടെ മുംബൈയില്‍ രക്തപ്പുഴയൊഴുക്കിയ ശിവസേന സ്ഥാപകന്‍ ബാല്‍താക്കറെയുടെ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ച് ഔദ്യോഗിക ബഹുമതി നല്‍കി സംസ്‌കരിച്ചതിന് വിചിത്രവിശദീകരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി രംഗത്ത്.

Ads By Google

രാഷ്ട്രീയക്കാരനെന്ന നിലയിലല്ല താക്കറെയെ ആദരിച്ചതെന്നും അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചത് കലാകാരനായതിനാലാണെന്നും മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ‘തെഹല്‍ക്ക’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

താക്കറെ എന്ന കാര്‍ട്ടൂണിസ്റ്റിനെയാണ് ആദരിച്ചത്. കോണ്‍ഗ്രസിലെയും എന്‍.സി.പിയിലെയും നിരവധി മുതിര്‍ന്ന നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സംസ്ഥാന ബഹുമതി നല്‍കിയതെന്നും ചവാന്‍ പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയജീവിതത്തില്‍ ഔദ്യോഗികപദവിയൊന്നും വഹിച്ചിട്ടില്ലാത്ത താക്കറെക്ക് ഔദ്യോഗിക ബഹുമതി നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല.

താക്കറെയ്ക്ക് അന്ത്യയാത്രാവേളയില്‍ ആദരവ് നല്‍കി വര്‍ഗീയതയെ പ്രീണിപ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിചിത്രമായ വിശദീകരണവുമായി രംഗത്തുവന്നത്.

ബാല്‍താക്കറെയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചതിന് രണ്ട് പെണ്‍കുട്ടികളെ അറസ്റ്റുചെയ്തത് ശിവസേനക്കാരില്‍ നിന്നും അവരെ രക്ഷിക്കാനാണെന്നാണ് പൊലീസിന്റെ പുതിയ വിശദീകരണം. പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തത് തെറ്റാണെന്നും അറസ്റ്റുചെയ്യാന്‍ പാടില്ലായിരുന്നെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച കൊങ്കണ്‍ മേഖല ഐ.ജി സുഖ്‌വിന്ദര്‍സിങ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് പൊലീസുകാരുടെ മനംമാറ്റം.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രത്യേക ഐ.ജി ദേവന്‍ഭാരതി അറിയിച്ചു.

Advertisement