മുംബൈ: ബോളിവുഡ് രാജാവ് അമിതാഭ് ബച്ചനു ഭാരതരത്‌ന നല്‍കണമെന്നു ശിവസേന നേതാവ് ബാല്‍ താക്കറെ. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌നത്തിന് താക്കറെ ബച്ചനെ പിന്തുണക്കുന്നത്.

ബിഗ് ബി ബോളിവുഡിന്റെ ചക്രവര്‍ത്തിയാണ്. മറ്റു രാജ്യങ്ങളിലുമുള്ളവര്‍ക്ക് ചിലപ്പോള്‍ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആരാണെന്ന് അറിയണമെന്നില്ല. എന്നാല്‍ അവര്‍ക്ക് ബച്ചനെ തീര്‍ച്ചയായും അറിയാം-സാമ്‌നയില്‍ താക്കറെ എഴുതി.
ബിഗ് ബി ഇന്ത്യയുടെ യഥാര്‍ഥ രത്‌നമാണ്. രാജ്യത്തിനു ബഹുമതികള്‍ നേടിത്തരുന്ന ബച്ചന്‍ ഭാരതരത്‌നയ്ക്കു പൂര്‍ണമായും അര്‍ഹനാണെന്നും താക്കറെ പറയുന്നു.

Subscribe Us:

സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ പോലെ തന്നെ അമിതാഭ് ബച്ചനും ഭാരത രത്‌ന അര്‍ഹിക്കുന്നു. ഗാന്ധി കുടുംബവുമായി ബച്ചന് സുഖകരമായ ബന്ധം ഇല്ലാത്തതുകൊണ്ടാണ് ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാത്തതെന്ന് താക്കറെ കുറ്റപ്പെടുത്തുകയും ചെയ്തു.

ഈയിടെ അമിതാഭ് ബച്ചന്റെ പേരില്‍ ട്വിറ്ററില്‍ വിവാദമുണ്ടായ കാര്യവും താക്കറെ പരാമര്‍ശിച്ചു. ബച്ചന്റെ പേരില്‍ ആരോ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കി ഷാരൂഖ് ഖാന്റെ ‘റാ-വണ്‍’നെതിരെ ദുരുദ്ദേശ പരമായ പരാമര്‍ശങ്ങള്‍ നടത്തിയതായിരുന്നു സംഭവം.