കോഴിക്കോട്: പൊലീസില്‍ യാതൊരു പണിയുമെടുക്കാത്തവരായി ഒരുപാട് പേരുണ്ടെന്ന് എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി. ഇത്തരത്തില്‍ 6000ത്തോളം പേര്‍ സേനയിലുണ്ടെന്നാണ് തച്ചങ്കരി പറഞ്ഞത്. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ പണിയെടുക്കുന്നവര്‍ക്ക് കൂടുതല്‍ ജോലി ഭാരം താങ്ങേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. സേനയില്‍ 60,000ത്തോളം അംഗങ്ങളുണ്ടെങ്കിലും ശരിയായ പൊലീസ് ജോലിക്ക് ആളില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.


Must Read: എം.പി ഫണ്ട് വകമാറ്റി ചിലവഴിച്ചു: സ്മൃതി ഇറാനിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ പരാതി


സെക്യൂരിറ്റി ജോലിക്കായി പോയിരിക്കുന്ന പൊലീസുകാരെ വിമര്‍ശിച്ചുകൊണ്ടാണ് തച്ചങ്കരിയുടെ പരാമര്‍ശം. സെക്യൂരിറ്റി ചുമതലയുള്ള പൊലീസുകാര്‍ ഒരു വി.ഐ.പിയുടെ ജീവന്‍പോലും രക്ഷിച്ച ചരിത്രമില്ലെന്നു പറഞ്ഞ തച്ചങ്കരി അടിയന്തര സാഹചര്യത്തില്‍ സുരക്ഷാ ചുമതലയുള്ളവര്‍ ഓടിയ സംഭവങ്ങളാണുള്ളതെന്നും പറഞ്ഞു. മുമ്പ് കണ്ണൂരില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

56,000 പൊലീസുകാര്‍ ഉള്ളിടത്ത് രാത്രി ഡ്യൂട്ടിയിലുണ്ടാവുന്നത് 1500 ഓളം പൊലീസുകാര്‍ മാത്രമാണെന്നു പറഞ്ഞ അദ്ദേഹം ഇതിന്റെ പരിഹാരം പൊലീസുകാരുടെ എണ്ണം കൂട്ടലല്ല എന്നും അഭിപ്രായപ്പെട്ടു.

‘ പരിഹാരം എണ്ണം കൂട്ടലല്ല. പൊലീസിനെ വേണ്ടവിധം ഉപയോഗിക്കലാണ്.’ അദ്ദേഹം പറഞ്ഞു.