തിരുവനന്തപുരം: മുന്‍ ഐ.ജി ടോമിന്‍ തച്ചങ്കരിക്ക് പുതിയ പാസ്‌പോര്‍ട്ടിന് അനുമതി പത്രം നല്‍കിയ എ.ഡി.ജി.പി മഹേഷ്‌കുമാര്‍ സിംഗ്ലക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി. തച്ചങ്കരിയുടെ പുതിയ പാസ്‌പോര്‍ട്ട് അപേക്ഷയില്‍ സിംഗ്ല എന്‍.ഒ.സി നല്‍കിയെന്നാണ് ആരോണം.

തനിക്കെതിരെയുള്ള കേസ് വിവരങ്ങള്‍ മറച്ചുവച്ചുകൊണ്ട് തച്ചങ്കരി പുതിയ പാസ്‌പോര്‍ട്ടിന് നല്‍കിയ അപേക്ഷ വിവാദമാവുന്നു. വിദേശയാത്രകള്‍ നിരവധി നടത്തിയതിനാല്‍ പാസ്‌പോര്‍ട്ടിലെ പേജുകള്‍ എല്ലാം കഴിഞ്ഞു. ഇനി വിദേശയാത്രയ്ക്ക് പോകണമെങ്കില്‍ പുതിയ പാസ്‌പോര്‍ട്ട് അനുവദിച്ചുകിട്ടണം. അതിനായി തച്ചങ്കരി കൊച്ചി പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കുകയായിരുന്നു.

പാസ്‌പോര്‍ട്ട് ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അപേക്ഷ പരിശോധിച്ചപ്പോള്‍ അതില്‍ നല്‍കിയ വിവരങ്ങള്‍ അപൂര്‍ണമായിരുന്നു. ക്രിമിനല്‍ കേസില്‍ പ്രതിയായ തച്ചങ്കരി ഇപ്പോള്‍ ആലപ്പുഴ മജിസ്‌ത്രേട്ട്‌കോടതിയില്‍ വിചാരണ നേരിടുകയാണ്. ക്രിമിനല്‍ കേസ് സംബന്ധിച്ച കാര്യങ്ങള്‍ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നില്ല.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിനാണ് തച്ചങ്കരിയെ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ സസ്‌പെന്റ് ചെയ്തത്.

സിംഗ്ല നിലപാട് മാറ്റി

ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ടോമിന്‍ തച്ചങ്കരിക്ക് പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കേണ്ടതുള്ളൂവെന്ന് എ.ഡി.ജി.പി മഹേഷ്‌കുമാര്‍ സിംഗ്ല. തന്റെ എന്‍.ഒ.സി പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.