ലണ്ടന്‍: മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ റിയോയുടെ സഹോദരന്‍ ആന്റണ്‍ ഫെര്‍ഡിനാന്റിനെ താന്‍ വംശീയമായി അധിക്ഷേപിച്ചിട്ടില്ലെന്ന് ചെല്‍സിയ ക്യാപ്റ്റന്‍. പ്രീമിയര്‍ ലീഗില്‍ ക്യൂന്‍സ് പാര്‍ക്ക് റെയ്‌ഞ്ചേഴ്‌സ് മത്സരത്തില്‍ പരാജയപ്പെട്ട ചെല്‍സിയ ക്യാപ്റ്റന്‍ ജോണ്‍ ടെറി ഡിഫെന്റര്‍ ഫെര്‍ണ്ടിനാന്റിനെ വംശീയമായി അധിക്ഷേപിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിന്റെ വീഡിയോ ഫൂട്ടേജുകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുപ്പതുകാരനായ ഇംഗ്ലണ്ട് സ്‌കിപ്പര്‍.

‘ആന്റണ്‍ ഫെര്‍ഡിനാന്റിനോട് ഞാന്‍ അങ്ങനെ പറയാനുണ്ടായ സാഹചര്യം മനസിലാക്കാതെയാണ് ആളുകള്‍ പ്രതികരിച്ചത് എന്നതില്‍ എനിക്ക് വലിയ ദുഃഖമുണ്ട്. വംശീയ ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ചതിന് ആന്റണ്‍ എന്നെ കുറ്റപ്പെടുത്തുകയാണെന്നാണ് ഞാന്‍ കരുതിയത്. അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ഞാന്‍ ശക്തമായി പ്രതികരിച്ചു. ഞാനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ജനങ്ങള്‍ എന്നെക്കുറിച്ച് അങ്ങനെ കരുതിയതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്.’ ടെറി പറഞ്ഞു.

ചെല്‍സിയ പരാജയപ്പെട്ട ആ മത്സരത്തിനുശേഷം സംസാരിച്ചപ്പോള്‍ താനും ഫെര്‍ണ്ടിനാന്റും തമ്മില്‍ യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. താനദ്ദേഹത്തെ അഭിനന്ദിച്ചു. താനെന്തെങ്കിലും തെറ്റായി പറഞ്ഞതായി അദ്ദേഹം പറഞ്ഞിട്ടില്ല. ആ സമയത്തുണ്ടായ ഒരു തെറ്റുദ്ധാരണമാത്രമായിരുന്നു അതെന്ന് വ്യക്തമാണെന്നും ടെറി കൂട്ടിച്ചേര്‍ത്തു.

പ്രീമിയര്‍ ലീഗിലെ അന്തര്‍ദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധ നേടിയ ടീമിന്റെ ക്യാപ്റ്റനാവാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ട്. സ്‌പോട്‌സിലോ ജീവിതത്തിന്റെ മറ്റേതെങ്കിലും മേഖലയിലോ വംശീയതയ്ക്ക് യാതൊരു പ്രാധാന്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.