ഇസ്‌ലാമാബാദ് : ഈദ് ദിനത്തിലെ ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് പാക്കിസ്ഥാനിലെ നാല് നഗരങ്ങളില്‍ നിര്‍ത്തലാക്കിയ മൊബൈല്‍ഫോണ്‍ സേവനം പുന:സ്ഥാപിച്ചു. ലാഹോര്‍, മുള്‍ട്ടാന്‍, ക്വറ്റ, കറാച്ചി എന്നീ നഗരങ്ങളിലെ മൊബൈല്‍ സര്‍വ്വീസുകളായിരുന്നു നിര്‍ത്തലാക്കിയിരുന്നത്.

Ads By Google

ഈദ് ആഘോഷങ്ങള്‍ക്കിടയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ബോംബാക്രമണം നടത്തുമെന്ന തീവ്രവാദി ഭീഷണിയെത്തുടര്‍ന്നായിരുന്നു പാക് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.

ഞായറാഴ്ച്ച എട്ടുമുതലായിരുന്നു സേവനം നിര്‍ത്തലാക്കിയത്.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ബോംബ് ആക്രമണങ്ങള്‍ തടയുന്നതിനാണ് പുതിയ നടപടിയെന്നായിരുന്നു പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ഇതിന് വിശദീകരണം നല്‍കിയത്.

അതേസമയം, മൊബൈല്‍ഫോണ്‍ സേവനം നിര്‍ത്തലാക്കിയ പാക് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നത്. ഈദ് ദിനത്തില്‍ ബന്ധുക്കളെ ആശംസ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും അത്യാവശ്യ സമയത്ത് പോലീസിലോ ആംബുലന്‍സിലോ വിളിക്കാന്‍ സാധിച്ചില്ലെന്നും ജനങ്ങള്‍ കുറ്റപ്പെടുത്തി.