അബൂജ : രാജ്യത്ത്  തീവ്രവാദി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ നൈജീരിയന്‍ പ്രതിരോധമന്ത്രി ബെല്ലോ മുഹമ്മദിനേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഒവോയ് അസാസിനെയും  പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥന്‍ പുറത്താക്കി. പുറത്താക്കലിനെ സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

രാജ്യത്ത് ബോക്കോ ഹറാം തീവ്രവാദികളുടെ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും കൃത്യനിര്‍വ്വഹണം നടത്തുന്നില്ല എന്ന ആക്ഷേപമാണ് പുറത്താക്കലിന് പിന്നിലെന്ന് അറിയുന്നു.

ഒരു മാസത്തിനിടെ നൂറുകണക്കിന് ആളുകളാണ് രാജ്യത്ത് തീവ്രവാദ ആക്രമണങ്ങളില്‍ മരിച്ചത്‌ .കഴിഞ്ഞ ഞായറാഴ്ച്ച നൈജീരിയയിലെ ചര്‍ച്ചിനു നേരെബക്കോ ഹാറം നടത്തിയ ആക്രമണത്തില്‍ 36 പേര്‍ മരിച്ചിരുന്നു.

പുതിയ ഉപദേഷ്ടാവായി സാമ്പോ ദസൂക്കിയെ നിയമിച്ചു. പുതിയ പ്രതിരോധമന്ത്രിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.