ഇസ്‌ലാമാബാദ് : ഭീകരാക്രമണ ഭീഷണിയെതുടര്‍ന്ന് പാകിസ്താനിലെ നാല് നഗരങ്ങളില്‍ മൊബൈല്‍ ഫോണ്‍ സേവനം നിര്‍ത്തിവെച്ചു. ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍, ക്വേറ്റ എന്നീ നഗരങ്ങളിലാണ് ഞായറാഴ്ച രാത്രി എട്ടുമുതല്‍ മൊബൈല്‍ ഫോണ്‍ നിശ്ചലമാക്കിയത്.

Ads By Google

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെതുടര്‍ന്നായിരുന്നു ഇത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ബോംബ് ആക്രമണങ്ങള്‍ തടയുന്നതിനായിരുന്നു ഇതെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് വിശദീകരിച്ചു.

Subscribe Us:

വേണ്ടിവന്നാല്‍ ഇസ്‌ലാമാബാദിലും മൊബൈല്‍ സേവനം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച പത്തുമണിയോടെ സേവനം പുന: സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.

ആഘോഷവേളയിലെ തീവ്രവാദി ആക്രമണം തടയാന്‍ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം. അടുത്തിടെ പാക്കിസ്ഥാനില്‍ നടന്ന ആക്രമണങ്ങളില്‍ തീവ്രവാദികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണ് സന്ദേശങ്ങള്‍ കൈമാറുന്നതെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ കാമ്ര വിമാനത്താവളത്തിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു തീവ്രവാദിയുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയും ചെയ്തിരുന്നു.