ന്യൂദല്‍ഹി: സുപ്രീംകോടതിക്ക് തീവ്രവാദ ആക്രമണ ഭീഷണിയെന്ന് ദല്‍ഹി പൊലീസ്.

ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നാണ് ഭീഷണിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്ന് പൊലീസ് പറഞ്ഞു.

Ads By Google

സുപ്രീം കോടതിയില്‍ അടുത്തുതന്നെ തീവ്രവാദ ആക്രമണം നടത്തുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഭീഷണി. ഇതേത്തുടര്‍ന്ന് കോടതിക്കുള്ളിലും പരിസരത്തും വ്യാപകമായ പരിശോധന നടത്തുകയാണ്.

ഡോഗ് സ്‌ക്വാഡ് കോടതിക്കുള്ളില്‍ സുരക്ഷാ പരിശോധന നടത്തി. കോടതി സമുച്ചയത്തിന്റെ സുരക്ഷയും ശക്തിപ്പെടുത്തി.

കോടതിക്ക് അകത്തും പുറത്തും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എല്ലാ ഗേറ്റുകളിലും വാഹനങ്ങളിലും പരിശോധന കര്‍ശനമാക്കി.

വിശദമായ പരിശോധയ്ക്ക് ശേഷം മാത്രമേ കോടതിക്കുള്ളിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നുള്ളൂ.