ന്യൂദല്‍ഹി: ദല്‍ഹിയില്‍ നിന്ന് രണ്ട് തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് എകെ 47 തോക്കുകളും മറ്റ് സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

Ads By Google

ഹോളി ആഘോഷങ്ങള്‍ക്കിടെ ദല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ടു ഹിസ്ബുള്‍ മുജാഹിദിന്‍ തീവ്രവാദികളാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്.

ഹോളിയോടനുബന്ധിച്ച് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയിട്ട് വരികയായിരുന്നു. പിടിയിലായവര്‍  പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.

പഴയ ഡല്‍ഹിയിലെ ജുമാ മസ്ജിദിന് അടുത്തുള്ള സ്വകാര്യ ഗസ്റ്റ് ഹൗസില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. അറസ്റ്റിലായവര്‍ കശ്മീര്‍ സ്വദേശികളാണെന്നാണ് സൂചന.

ഇന്നലെ രാത്രിയില്‍ പൊലീസിന്റെ സ്‌പെഷല്‍ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. സുപ്രീം കോടതിക്ക് തീവ്രവാദ ഭീഷണി ഉണ്ടായ സാഹചര്യത്തില്‍ ഡല്‍ഹിയിലെങ്ങും പൊലീസ് കനത്ത ജാഗ്രതയിലാണ്.

രണ്ടു ദിവസം മുമ്പ് ഗോരഖ്പൂരില്‍ അറസ്റ്റിലായ തീവ്രവാദിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഗസ്റ്റ് ഹൗസ് മുദ്രവച്ച് അടച്ചുപൂട്ടി.

അടുത്തയാഴ്ചയാണ് ഉത്തരേന്ത്യയില്‍ ഹോളി ആഘോഷങ്ങള്‍ തുടങ്ങുന്നത്. ഈ സമയം വന്‍ ആക്രമണം നടത്താനുള്ള പദ്ധതിയുമായാണ് തീവ്രവാദികള്‍ ദല്‍ഹിയിലെത്തിയത് എന്നാണ് പൊലീസിന്റെ സംശയം.