രാജ്യത്ത് വീണ്ടുമൊരു കറുത്ത ദിനം കൂടി. ദല്‍ഹിയില്‍ വീണ്ടും ഭീകരാക്രമണം നടന്നിരിക്കുന്നു. കഴിഞ്ഞ തവണ അത് മുംബൈയിലായിരുന്നു. ഇന്ത്യ തുടര്‍ച്ചയായി ഭീകരാക്രമണത്തെ നേരിടുകയാണ്. രാജ്യത്തെ ദിവസങ്ങളോളം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമായിരുന്നു മുംബൈ ഭീകരാക്രമണം.

മുംബൈ ആക്രമണക്കേസില്‍ അമേരിക്കല്‍ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. കൈമാറുന്നത് പോയിട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഹെഡ്‌ലിയെ നല്ല രീതിയില്‍ ചോദ്യം ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല. ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ ഇന്ത്യയുടെ പിന്തുണ തേടുന്ന അമേരിക്ക എന്തുകൊണ്ട് ഹെഡ്‌ലിയെ ഇന്ത്യക്ക് ചോദ്യം ചെയ്യാന്‍ വിട്ടുതരുന്നില്ലെന്നത് ഒരു വലിയ ചോദ്യമായി അവശേഷിക്കുകയാണ്.

Ads By Google

ഹെഡ്‌ലിയെ വിട്ടുകിട്ടുന്ന കാര്യത്തില്‍ സര്‍ക്കാറിന് ആത്മാര്‍ത്ഥതയില്ലെന്ന് അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്‍ പറഞ്ഞതായി വിക്കിലീക്‌സ് വെളിപ്പെടുത്തലുണ്ടായത് കഴിഞ്ഞ ദിവസമാണ്. ഭീകരവാദത്തെ നേരിടുന്നതിന് രാജ്യത്തിന്റെ വലിയൊരു സമ്പത്ത് ചെലവിടുന്ന ഇന്ത്യ എന്തുകൊണ്ട് മുംബൈ ആക്രമണക്കേസില്‍ രാജ്യം അന്വേഷിക്കുന്ന ഹെഡ്‌ലിയുടെ കാര്യത്തില്‍  അലംഭാവം കാണിക്കുന്നുവെന്നത് വലിയ സംശയമായി നിലനില്‍ക്കുന്നു.

സ്‌ഫോടനം നടക്കുമ്പോള്‍ അത് ഏതെങ്കിലും സംഘടനയുടെ തലയില്‍വെച്ച് കൈകഴുകുന്ന ഭരണകൂടം സ്‌ഫോടനത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍ കണ്ടുപിടിക്കാന്‍ അലംഭാവം കാണിക്കുന്നത് എന്തുകൊണ്ട്?. ദല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഡൂള്‍ന്യൂസ് അന്വേഷിക്കുന്നത് ഈ വിഷയമാണ്. ഭീകരവാദം: സര്‍ക്കാര്‍ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുന്നു?…

എം.കെ ഭദ്രകുമാര്‍, വിദേശകാര്യ വിദഗ്ധന്‍

സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാന്‍ പറ്റില്ല. മുംബൈ സ്‌ഫോടനമുണ്ടായപ്പോഴും അതിനുശേഷവും പല വാഗ്ദാനങ്ങളും സര്‍ക്കാര്‍ നല്‍കിയിരുന്നു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു സുരക്ഷാ സൈനികരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നത്. അത് നടപ്പാക്കാന്‍ സര്‍ക്കാരിന് പൂര്‍ണമായി കഴിഞ്ഞിട്ടില്ല. ഇത് എന്റെ അഭിപ്രായമല്ല. ഇതുസംബന്ധിച്ച വിദഗ്ധരുടെ അഭിപ്രായമാണ്. മുംബൈ ആക്രമണത്തിന് മുമ്പുണ്ടായ അതേ അവസ്ഥയില്‍ തന്നെയാണ് നമ്മള്‍ ഇപ്പോഴുള്ളതെന്നും ഇനിയും ഇതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാമെന്നുമാണ് അവര്‍ പറയുന്നത്.

ഒന്നും നമ്മുടെ സര്‍ക്കാര്‍ ചെയ്യുന്നില്ല എന്നു പറയാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങളില്‍ 100% നിയന്ത്രിക്കുക എന്നത് സാധ്യമല്ല. സര്‍ക്കാരിന്റെ ഭാഗത്ത് പോരായ്മകളുണ്ടാവാം. എങ്കിലും അവരുടെ ഉദ്ദേശശുദ്ധിയെ നമുക്ക് ചോദ്യം ചെയ്യാന്‍ കഴിയില്ല.

നമ്മുടെ സുരക്ഷാ സൈന്യത്തിന്റെ ഓപ്പറേഷണല്‍ ഇന്റലിജന്‍സിന് ഇത്തരം ആക്രമണങ്ങള്‍ തടയുന്നതില്‍ വലിയ പങ്ക് വഹിക്കാനാവും. ആക്രമണങ്ങളെക്കുറിച്ച് സൂചനകള്‍ ലഭിക്കാം. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിക്കാം. എന്നാല്‍ തിരുവനന്തപുരത്ത് ഇന്ന് വൈകുന്നേരം ബോംബിടുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയെന്നിരിക്കട്ടെ, തിരുവനന്തപുരത്ത് എവിടെയൊക്കെയാണ് പോലീസ് സുരക്ഷ ശക്തമാക്കേണ്ടത്. ഏതെങ്കിലും ഒരു പ്രത്യേക സ്ഥലം എന്ന കൃത്യമായ വിവരം ലഭിക്കുകയാണെങ്കില്‍ പോലീസിന് കുറച്ചുകൂടി ജാഗരൂകരാകാന്‍ കഴിയും. ഞാന്‍ പറഞ്ഞുവരുന്നത് പിന്‍പോയിന്റായ, ആക്ഷണബിളായ, ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ കൊണ്ടേ കാര്യമുള്ളൂവെന്നാണ്.

മാസങ്ങള്‍ക്കു മുമ്പ് മുംബൈയിലുണ്ടായിരുന്ന സ്‌ഫോടനത്തിന് മുമ്പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായി പലരും പറയുന്നുണ്ട്. എന്നിട്ടും അത് തടയാന്‍ കഴിഞ്ഞിട്ടില്ല. ഇത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പറയാന്‍ കഴിയില്ല. കാര്യക്ഷമതയുടെ ഒരു വലിയ പ്രശ്‌നം ഇവിടെ നിലനില്‍ക്കുന്നുണ്ട്.

കെ. ടി. കുഞ്ഞിക്കണ്ണന്‍, ഇടതു നിരീക്ഷന്‍

ഭീകരവാദ തീവ്രവാദ ആക്രമണങ്ങള്‍ ചെറുക്കുന്നതില്‍ ഇന്ത്യാ ഗവണ്‍മെന്റ് പരാജയപ്പെടുകയാണ്. മാത്രമല്ല, എല്ലാ ഭീകരവാദികള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ സര്‍ക്കാര്‍ തന്നെ സൗകര്യം ചെയ്തു കൊടുക്കുന്നു എന്നതാണല്ലോ ഇപ്പോള്‍ വിക്കീലീക്‌സിന്റെ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. മുംബൈ സ്‌ഫോടനം പ്ലാന്‍ ചെയ്ത ഹെഡ്‌ലിയെ ഇന്ത്യയില്‍ കൊണ്ട് വന്ന് ചോദ്യം ചെയ്യുന്നതിന് ഇന്ത്യാ ഗവണ്‍മെന്റിന് താല്‍പര്യമില്ലായിരുന്നുവെന്നാണല്ലോ എം. കെ. നാരായണന്‍ പറഞ്ഞത്. ഇത് കാണിക്കുന്നത് നമ്മുടെ രാജ്യത്ത് ഇത്തരം ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനും സാമ്പത്തിക ചൂഷണ പദ്ധതികള്‍ വളരെ സമര്‍ത്ഥമായി നടപ്പിലാക്കാനും എല്ലാ വിധ ഭീകര ഗ്രൂപ്പുകളെയും പ്രമോട്ട് ചെയ്യുന്ന ഒരു സമീപനമാണ് യു. പി. എ സര്‍ക്കാറിനുള്ളതെന്നാണ്.

അതുകൊണ്ട് തന്നെ ഭീകരവാദത്തിനെതിരെ വാചകമടിക്കുന്നതല്ലാതെ ഇതിനെ ചെറുക്കാന്‍ സര്‍ക്കാറിന് നട്ടെല്ലില്ല, അതിനെ ചെറുക്കാന്‍ അവര്‍ക്ക് കഴിയുന്നുമില്ല. സാമ്രാജ്യത്വത്തിന്റെ താല്‍പര്യങ്ങളിലധിഷ്ടിതമായ നവ ഉദാരവത്കരണ നയങ്ങള്‍ നടപ്പിലാക്കുകയാണ് ചെയ്യുന്നത്. അല്ലാതെ രാഷ്ട്രത്തിന്റെ സുസ്ഥിരതയോ ജനങ്ങളുടെ സൈ്വര്യ ജീവിതമോ സമൂഹത്തില്‍ സമാധാനമുണ്ടാക്കലോ അല്ല ഇവരുടെ ലക്ഷ്യം. ഗവണ്‍മെന്റിനെ തന്നെ ഇതിലേക്ക് കൊണ്ട് വരുന്ന തരത്തിലുള്ള വലിയ ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

vinod-k-joseവിനോദ് കെ.ജോസ്, ഡെപ്യൂട്ടി എഡിറ്റര്‍, കാരവന്‍

ഈ ഗവണ്‍മെന്റ് തീവ്രവാദത്തോട് ആത്മാര്‍ത്ഥതയോടെ പ്രതികരിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ ഇത്തരം നീഗൂഢമായ സ്‌ഫോടനങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ഉണ്ടാകുമായിരുന്നില്ല. ഇത്രയും അധികം പേര്‍ അപകടത്തില്‍പെടുമായിരുന്നില്ല.

ഇന്ത്യയിലെ ഒരു സംസ്ഥാനം പോലും തീവ്രവാദ മുക്തമല്ല. ആദ്യമൊക്കെ ഇതിന് ഒറ്റ നിറമേ ഉണ്ടായിരുന്നുള്ളൂ. ഇസ്ലാമിക് തീവ്രവാദത്തെയായിരുന്നു എല്ലാവരും കുറ്റപ്പെടുത്തിയിരുന്നത്. മാലെഗാവ്, അജ്മീര്‍, സംത്സോത എക്‌സ്പ്രസ്സിനെല്ലാം ശേഷം ഹിന്ദു തീവ്രവാദമെന്ന ഭീകരവാദത്തിന്റെ മറ്റൊരു നിറം കൂടി പുറത്തു വന്നു. ആരാണ് ദല്‍ഹി ആക്രമണത്തിന്റെ പിന്നിലെന്ന് നമുക്ക് അറിയില്ല. തീവ്രവാദത്തിന് പിന്നില്‍ ആരാണെന്ന് പോലും ഭരണകൂടം പൗരന്മാരോട് പറയാതിരിക്കുന്നത് അപകടകരമായ അവസ്ഥയാണ്. ആദ്യം ഗവണ്‍മെന്റ് പറഞ്ഞിരുന്നത് അന്വേഷണത്തിന് ഇന്ത്യയില്‍ ഏകീകൃതമായ ഒരു നേതൃത്വമില്ല എന്നതായിരുന്നു. ചിദംബരം ഹോം മിനിസ്റ്റര്‍ ആയ സമയത്ത് എന്‍. ഐ. എ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. എന്‍. ഐ. എ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഏകീകൃതമായ നേതൃത്വമുണ്ടാകും എന്നും ഉറപ്പ് തന്നിരുന്നു.

പക്ഷേ എന്‍. ഐ. എ മറ്റു അന്വേഷണ ഏജന്‍സികളുമായി അഭിപ്രായ തര്‍ക്കത്തിലാണ്. അവര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഇല്ല എന്ന് പറഞ്ഞ് ഇത്ര കാലം അവര്‍ ഒന്നും ചെയ്തില്ല. ഈ കാരണങ്ങള്‍ എല്ലാം കൊണ്ട് തന്നെ ഗവണ്‍മെന്റിന് ആത്മാര്‍ത്ഥതയില്ല എന്ന ഞാന്‍ പറയുന്നു.

എം.ഉണ്ണികൃഷ്ണന്‍, സീനിയര്‍ റിപ്പോര്‍ട്ടര്‍, ഇന്ത്യാവിഷന്‍, ദല്‍ഹി

മൂന്ന് മാസം മുന്‍പ് സ്‌ഫോടനം ഉണ്ടായിടത്തു തന്നെയാണ് ഇപ്പോഴും സ്‌ഫോടനം നടന്നിരിക്കുന്നത്. പക്ഷേ വീണ്ടും സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നതാണ് ഈ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. സ്‌ഫോടനത്തിന് സാധ്യതയുണ്ട് എന്ന്് പറയുന്നതല്ലാതെ ഫലപ്രദമായ നടപടികള്‍ എടുക്കുന്നില്ലെന്നതാണ് ഇത് തെളിയിക്കുന്നത്. ഭീകരവാദത്തിനെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാറിന് ആത്മാര്‍ത്ഥതയുണ്ടെന്ന് പറയാനാവില്ല.

ആത്മാര്‍ത്ഥതയ്ക്കപ്പുറം കാര്യക്ഷമതയുടെ പ്രശ്‌നവും ഇതിലുണ്ട്. എ. ടി. എസ്, എന്‍. ഐ. എ, മറ്റു ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സികള്‍ നമുക്കുണ്ട്. ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പുകളൊന്നും ഇവര്‍ കാര്യമായി എടുക്കുന്നില്ല. ഫലപ്രദമായി ഈ പ്രശ്‌നത്തെ നേരിടാനുള്ള പ്രാപ്തി ആഭ്യന്തര മന്ത്രാലയമോ ബന്ധപ്പെട്ട ഏജന്‍സികളോ കാണിക്കുന്നില്ല.

ഇന്ന് ഭീകരാക്രമണമുണ്ടായ സ്ഥലം ആഭ്യന്തര മന്ത്രി സന്ദര്‍ശിച്ചു. പ്രധാനമന്ത്രി സ്ഥലത്തുണ്ടെങ്കില്‍ അദ്ദേഹവും സന്ദര്‍ശിക്കുമായിരുന്നു. എന്നിട്ട് അവര്‍ പറയും ഞങ്ങള്‍ ജാഗ്രത പാലിക്കുന്നുണ്ട് എന്ന്. വേറെ ഏതൊരു ഗവണ്‍മെന്റായിരുന്നെങ്കിലും ഇത് തന്നെയായിരിക്കും സംഭവിക്കുക. കാരണം, ഒരു ആക്രമണം ഉണ്ടാകുമ്പോഴാണ് ഇവര്‍ ജാഗ്രത പാലിക്കുന്നതും സുരക്ഷ ശക്തമാക്കുകയും ചെയ്യുന്നത്. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ സുരക്ഷയില്‍ അയവ് വരുന്നു. അത്‌കൊണ്ട് തന്നെ ഈയൊരു സ്‌ഫോടനത്തിന്റെ പേരില്‍ ഇതെല്ലാം പരിഹരിക്കപ്പെടും എന്ന് എനിക്ക് തോന്നുന്നില്ല.

പൂനെയില്‍ സ്‌ഫോടനം നടന്നു, ദല്‍ഹിയില്‍ പലതവണ സ്‌ഫോടനങ്ങള്‍ നടന്നു. ഇതെല്ലാം തെളിയിക്കുന്നത് നമ്മുടെ രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ ആര്‍ക്കും ഏതു സമയത്തും കയറിച്ചെന്ന് അട്ടിമറികള്‍ നടത്താന്‍ പറ്റിയതാണ് എന്നതാണ്. ഇത്തരം സുരക്ഷാ പാളിച്ചകള്‍ വരുന്നെങ്കില്‍ രാജ്യം മുഴുവന്‍ എല്ലായിപ്പോഴും ഏത് സാഹചര്യത്തിലും സ്‌ഫോടനത്തെ കാത്തിരിക്കണമെന്നാണ് ഇത് തെളിയിക്കുന്നത്.

പിള്ളയുടെ പരോള്‍: ഒരു നിയമം, രണ്ടു നീതി

ഹസാരെ:അരാഷ്ട്രീയ സമൂഹത്തിന് തെറ്റുപറ്റുന്നുവോ?

സംസ്ഥാന ഭരണവും കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലാവുകയാണോ?