മുംബൈ: മുംബൈയിലെ എണ്ണശുദ്ധീകരണശാലകളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എണ്ണശുദ്ധീകരണശാലകള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എണ്ണശുദ്ധീകരണശാലകളിലെ സുരക്ഷാ സംവിധാനം വര്‍ധിപ്പിച്ചു. എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍ ഡിപ്പോകളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിനുള്ള പദ്ധതിയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

Ads By Google

തീവ്രവാദികളുടെ എണ്ണം, അവര്‍ ഏത് തരത്തിലാണ് ആക്രമണം നടത്തുക, ലക്ഷ്യമിടുന്ന സ്ഥലങ്ങള്‍ എന്നീ കാര്യങ്ങളെല്ലാം മുന്നറിയിപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

മുംബൈയുടെ കിഴക്കന്‍ മേഖല ഇന്ത്യയില്‍ ഏറ്റവും പ്രശ്‌നസാധ്യതയുള്ള മേഖലയാണ്. ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിന് സമീപമാണ് എച്ച്.പി.സി.എല്ലിന്റെയും ബി.പി.സി.എല്ലിന്റെയും എണ്ണശുദ്ധീകരണശാലകള്‍.

കുറഞ്ഞത് 20 ലക്ഷം കിലോ ലിറ്റര്‍ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, മറ്റ് ഇന്ധനങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ സൂക്ഷിക്കുന്നത്. 700 ഏക്കര്‍ പ്രദേശത്ത് 200 ഓളം സ്റ്റോറേജ് ടാങ്കുകളാണുള്ളത്.